ന്യൂഡല്‍ഹി: മോദി ഏറ്റവും ശക്തനായ നേതാവ് എന്ന വ്യാജപ്രചാരണം രാജ്യത്തിന്റെ ദൗര്‍ബല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ വീഡിയോ പരമ്പരയിലെ രണ്ടാമത്തെ എപ്പിസോഡിലാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ തുറന്നടിച്ചത്. അധികാരത്തിലെത്താന്‍ നരേന്ദ്രമോദി വ്യാജശക്തിമാന്‍ പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നുവെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, അതിപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്ബല്യമായെന്നും രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറഞ്ഞു.
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം 20 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിലും മോദിക്കെതിരെ തന്റെ രണ്ട് മിനിട്ട് വീഡിയോയില്‍ രാഹുല്‍ വിമര്‍ശനം തുടര്‍ന്നു. ചൈന അവര്‍ മനസ്സില്‍ കാണുന്ന ലോകത്തെ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷങ്ങളെ കേവലം അതിര്‍ത്തി പ്രശ്നമായി മാത്രം കാണാന്‍ സാധിക്കുകയില്ലെന്ന് രാഹുല്‍ പറയുന്നു. പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈന രൂപകല്‍പ്പന ചെയ്തതാണ് അതിര്‍ത്തിയിലെ നിലവിലെ പ്രതിസന്ധി. ഇതിനോട് പ്രധാനമന്ത്രി എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രസക്തം. ചൈനീസ് കടന്നുകയറ്റം ഇനിയും സ്ഥിരീകരിക്കാന്‍ മോദി തയ്യാറല്ല. പ്രധാനമന്ത്രിക്ക് പ്രതിശ്ചായയെ കുറിച്ച് ഭയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഇന്ത്യയുടെ റോഡ് നിര്‍മാണത്തില്‍ ഉള്‍പ്പെടെ ചൈന അസ്വസ്ഥരാണ്. പാകിസ്ഥാനുമായി ചേര്‍ന്ന് എന്തെങ്കിലും ചെയ്യാന്‍ ചൈന ആഗ്രഹിക്കുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു.
”ഒരു ഫലപ്രദമായ രാഷ്ട്രീയക്കാരന് ആയിരിക്കാന്‍ മോദിക്ക് 56 ഇഞ്ച് എന്ന ആശയം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൈനയ്ക്ക് അറിയാം. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ പറയാതിരുന്നാല്‍ നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന ആശയത്തെ ഞങ്ങള്‍ നശിപ്പിക്കുമെന്ന് ചൈന പറയുന്നു,” രാഹുല്‍ ഗാന്ധി പറഞ്ഞു.
”ഇതിനോട് എങ്ങനെ അദ്ദേഹം പ്രതികരിക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഞാനാണ് പ്രധാനമന്ത്രി. എന്റെ പ്രതിച്ഛായയില്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് അദ്ദേഹം പറയുമോ. അതോ കീഴടങ്ങുമോ,” രാഹുല്‍ ചോദിച്ചു.
രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങളിലെ വലിയൊരു ഭാഗം ഫാസിസ്റ്റ് താല്‍പ്പര്യങ്ങള്‍ പിടിച്ചെടുത്തു എന്ന ട്വീറ്റിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ പരമ്പര വന്നുതുടങ്ങിയത്്. സമകാലിക വിഷയങ്ങളിലെ യഥാര്‍ത്ഥ്യം തുറന്നുകാണിച്ച് ജനങ്ങളോട് സംവദിക്കുകയാണ് വീഡിയോ പരമ്പരകൊണ്ട് രാഹുല്‍ ലക്ഷ്യവെക്കുന്നത്. ഗല്‍വാന്‍ സംഘര്‍ഷം സംബന്ധിച്ചായിരുന്നു ആദ്യ വീഡിയോ.
ടെലിവിഷന്‍ ചാനലുകള്‍, വാട്ട്സ്ആപ്പ് ഫോര്‍വേഡുകള്‍, തെറ്റായ വാര്‍ത്തകള്‍ എന്നിവയിലൂടെ വിദ്വേഷം നിറഞ്ഞ വിവരണങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുവെന്നും നുണകളുടെ ഈ വിവരണം ഇന്ത്യയെ കീറിമുറിക്കുകയാണെന്നും രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു