പ്രശ്ന പരിഹാരത്തിന് ശക്തമായ ഇടപെടലാണ് വേണ്ടത്; പ്രധാനമന്ത്രി സ്വന്തം ഇമേജ് സൃഷ്ടിക്കുന്ന തിരക്കിലാണെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനയുമായി ഇന്ത്യ എങ്ങനെ ഇടപെടണം എന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തുമുളള തന്റെ വീഡിയോ പരമ്പരയിലെ മൂന്നമത്തെ ഭാഗവും പുറത്തുവിട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ”പ്രധാനമന്ത്രി നൂറുശതമാനവും സ്വന്തം ഇമേജ് പരിപോഷിപ്പക്കുന്ന പരിപാടികാളിലാണ്. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും ഈ ജോലി തന്നെ ചെയുന്ന തിരക്കിലാണ്. ഒരു വ്യക്തിയുടെ പ്രതിച്ഛായ ദേശീയ കാഴ്ചപ്പാടിന് പകരമാവില്ല, വീഡിയോയും ട്വീറ്റ് ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചു.

ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് ആളുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയിലാണ് രാഹുലിന്റെ വീഡിയോ. ചൈനയുമായി ഇടപെടുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍, നമ്മള്‍ ചൈനക്കാരോട് മാനസിക ശക്തിയോടെ ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിന് ശക്തമായ ഇടപെടലാണ് ചൈനയോട് നടത്തേണ്ടത്. വിഷയം അന്താരാഷ്ട്ര വീക്ഷണത്തോടെ വേണം കൈകാര്യം ചെയ്യേണ്ടതെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതിര്‍ത്തിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിശാലമായ കാഴ്ചപ്പാട് ആവശ്യമാണ്. ഇത്തരത്തില്‍ വ്യക്തമായ കാഴ്ചപാട് സര്‍ക്കാരിനില്ലാത്തത് ചൈന മുതലെടുക്കുന്നു. ചൈനയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ അന്താരാഷ്ട്ര കാഴ്ചപ്പാട് ആവശ്യമാണ്. വിശാലമായ കാഴ്ചപ്പാടാണ് വേണ്ടത്. എന്നാല്‍ ഒരു മനുഷ്യന്റെ പ്രതിച്ഛായ ദേശീയ കാഴ്ചപ്പാടിന് പകരം വയ്ക്കാനാകില്ലെന്നും, ജനങ്ങളുമായി സംവദിക്കുന്നതിനുള്ള തന്റെ വീഡിയോ പരമ്പരയിലെ മൂന്നാം ഭാഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇന്ത്യ ചൈനയുമായി എങ്ങനെ ഇടപെടണം? എന്ന ചോദ്യത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു, ”നിങ്ങള്‍ അവരുമായി ഇടപഴകാന്‍ ശക്തമായ നിലയിലാണെങ്കില്‍ നിങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിങ്ങള്‍ക്ക് അവരില്‍ നിന്ന് ആവശ്യമുള്ളത് നേടാന്‍ കഴിയും, അത് അക്ഷരാര്‍ത്ഥത്തില്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ അവര്‍ ബലഹീനത പിടിക്കുകയാണെങ്കില്‍, ഒരു കുഴപ്പമുണ്ട്. വ്യക്തമായൊരു കാഴ്ചപ്പാടില്ലാതെ നിങ്ങള്‍ക്ക് ചൈനയുമായി ഇടപെടാന്‍ കഴിയില്ല, മാത്രമല്ല ഞാന്‍ ദേശീയ കാഴ്ചപ്പാടുകളെക്കുറിച്ചല്ല സംസാരിക്കുന്നത്. ഞാന്‍ ഉദ്ദേശിച്ചത് ഒരു അന്താരാഷ്ട്ര വീക്ഷണകോണില്‍ നിന്നാണ്. ബെല്‍റ്റും റോഡും, അതിര്‍ത്തി പ്രശ്‌നവും തന്നെ മാറ്റാനുള്ള ശ്രമമാണിത്.

ആഗോള കാഴ്ചപ്പാടാണ് ഇന്ത്യ സ്വീകരിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയ്ക്ക് ഇപ്പോള്‍ ‘ആശയങ്ങള്‍’ ഉണ്ടാക്കണം, അതും ‘ആഗോള ആശയങ്ങള്‍’. യഥാര്‍ത്ഥത്തില്‍, വലിയ തോതില്‍ ചിന്തിച്ചാല്‍ മാത്രമേ ഇന്ത്യയെ സംരക്ഷിക്കാന്‍ കഴിയൂ. ഒരു അതിര്‍ത്തി തര്‍ക്കമുണ്ടെന്നും അത് പരിഹരിക്കേണ്ടതുണ്ടെന്നും വ്യക്തമാണ്, പക്ഷേ നമ്മള്‍ നമ്മുടെ വഴി മാറ്റേണ്ടതുണ്ട്. നമ്മുടെ ചിന്താഗതിയില്‍ മാറ്റം വരുത്തണം. ഈ സ്ഥലത്ത്, നമ്മള്‍ രണ്ട് റോഡുകളിലാണ് നില്‍ക്കുന്നത്. നമ്മള്‍ ഒരു വശത്തേക്ക് പോയാല്‍, ഒരു വലിയ റോളില്‍ വരും, മറുവശത്തേക്ക് പോയാല്‍ നമ്മള്‍ അപ്രസക്തരാകും. അതുകൊണ്ട് തന്നെയാണ് ഒരു വലിയ അവസരം നമ്മള്‍ നഷ്ടപ്പെടുന്നതായി ഞാന്‍ കണക്കാക്കുന്നതും അതില്‍ വിഷമിക്കുന്നതും.

എന്തുകൊണ്ടന്നാല്‍, നമ്മള്‍ കൂടുതല്‍ ചിന്തിക്കുന്നില്ല. വിശാലമായല്ല കാര്യങ്ങളെ കാണുന്നത്. ഇത് നമ്മുടെതന്നെ ആഭ്യന്തര പ്രശ്‌നമായി ബാധിക്കുകയാണ്. നമ്മള്‍ തമ്മില്‍ പോരാടുകയാണെന്നും, വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇവിടുത്തെ രാഷ്ട്രീയം നോക്കൂ, ഇന്ത്യക്കാര്‍ ദിവസം മുഴുവന്‍ പരസ്പരം പോരടിക്കുകയാണ്. സര്‍ക്കാറിന് വിഷയത്തില്‍ മുന്നോട്ട് പോകാന്‍ വ്യക്തമായ കാഴ്ചപ്പാടില്ലാത്തതാണ് കാരണം. പ്രധാനമന്ത്രി എന്റെ എതിരാളിയാണെന്ന് എനിക്കറിയാം. അവരോട് ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പ്രതിപക്ഷമെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം. അതിനാല്‍ ചോദ്യങ്ങള്‍ ചോദിക്കാനും അവരെ സമ്മര്‍ദ്ദത്തിലാക്കാനും എനിക്ക് ഉത്തരവാദിത്തമുണ്ട്. നിലവിലെ മനോഭാവം മാറ്റേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ സര്‍ക്കാറിന് ഇതില്‍ ഒരു മനോഭാവവുമില്ലെന്നും അതിനാലാണ് ചൈന ഇന്ത്യയിലേക്ക് കടന്നതെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.