ബാങ്ക് തട്ടിപ്പ് ആരംഭിച്ചത് നോട്ട് അസാധുവാക്കല്‍ ദിനത്തില്‍: രാഹുല്‍ ഗാന്ധി

ജനങ്ങളോട് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ നരേന്ദ്ര മോദി; ആ പണം കൊള്ളയടിച്ച് നീരവ് മോദി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാര സ്ഥാനത്തുള്ളവര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും 90 ശതമാനം തട്ടിപ്പും മോദി ഭരണത്തിലാണ് നടന്നതെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ദിനത്തിലാണ് തട്ടിപ്പ് ആരംഭിച്ചതെന്നും രാഹുല്‍ ആരോപിച്ചു. നോട്ട് അസാധുവാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ആ പണം മുഴുവന്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളും കോര്‍പറേറ്റുകളും അടിച്ചോണ്ടു പോയി. തന്റെ പ്രവൃത്തികൊണ്ട് രാജ്യത്തെ സമ്പത്ത് പ്രധാനമന്ത്രി നശിപ്പിച്ചു. ഇനി ബാങ്കിങ് സംവിധാനം സുരക്ഷിതമാക്കാന്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും രാഹുല്‍ പറഞ്ഞു.


തട്ടിപ്പ് 22,000 കോടിയുടേതാണെന്നും 11,400 കോടിയുടേതല്ലെന്നാണ് പി.എന്‍.ബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡില്‍ വെളിപ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു. എങ്ങനെ പരീക്ഷ എഴുതണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒന്നര മണിക്കൂര്‍ ചെലവിട്ട പ്രധാനമന്ത്രി ഒരു വാക്ക് പോലും തട്ടപ്പിനെ കുറിച്ച് മിണ്ടുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. പ്രതിരോധ മന്ത്രിയെ ആരോപണം പ്രതിരോധിക്കാന്‍ പറഞ്ഞയച്ചിരിക്കുന്നു. പക്ഷേ വിഷയത്തില്‍ ഉത്തരവാദിത്തമുള്ള ധനകാര്യമന്ത്രിയും പ്രധാനമന്ത്രിയും മൗനിമാരാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.