ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി പരസ്യമായി അപലപിക്കണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന നടത്തിയ നാണം കെട്ട കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി മോദി പരസ്യമായി അപലപിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് ഏതു തരത്തിലുള്ള കടന്നുകയറ്റമുണ്ടായാലും അതിനെ പ്രതിരോധിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി പ്രശ്നം പരിഹരിക്കാൻ ശക്തവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിക്കണമെന്നും കപില്‍ സിബല്‍ സർക്കാരിനോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും ഇന്ത്യന്‍ പ്രദേശം പിടിച്ചെടുക്കുന്ന ആരെയും പിന്നോട്ട് തള്ളുമെന്ന് വാഗ്ദാനം നല്‍കുമെന്നും അത്തരമൊരു സമീപനമുണ്ടായാല്‍ രാജ്യവും പ്രതിപക്ഷം മുഴുവനും മോദിക്കൊപ്പം നില്‍ക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

‘ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആരുടെ കടന്നാക്രമണമുണ്ടായാലും അതിനെ പ്രതിരോധിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കണം. അങ്ങനെ ചെയ്താല്‍ രാജ്യവും പ്രതിപക്ഷവും നിങ്ങളുടെ ഉറപ്പിന് പിറകില്‍ ഒരുമിച്ച് നില്‍ക്കും,’കപില്‍ സിബല്‍ പറഞ്ഞു.

കഴിഞ്ഞ ആറുവര്‍ഷമായി മോദി സര്‍ക്കാരിനു കീഴിലുള്ള ഏറ്റവും വലിയ നയതന്ത്ര പരാജയം കണ്ടതായി ആരോപിച്ച മുന്‍ കേന്ദ്രമന്ത്രി, ചൈനയുമായുള്ള എല്‍എസി പ്രശ്‌നം പരിഹരിക്കാന്‍ ”ചില ദ്രുത നടപടി” സ്വീകരിക്കണമെന്ന് സിബല്‍ പറഞ്ഞു.

”ചില പെട്ടെന്നുള്ള നടപടി ആവശ്യമാണ്,” ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നേരത്തേ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ചൈനയുമായുള്ള നയതന്ത്രവും സാമ്പത്തിക ഉപരോധവും പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

”അതെ, ചൈനയ്ക്കെതിരെ എടുക്കേണ്ടത് ശക്തമായ നടപടിയായിരിക്കണം. ആ നടപടിയുടെ ഗുണനിലവാരം, സ്വഭാവം, സമയം എന്നിവ സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരാണ് അതില്‍ തീരുമാനമെടുക്കേണ്ടത് അല്ലാതെ പ്രതിപക്ഷമല്ലെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.