ജനങ്ങളുടെ സുരക്ഷയെ കരുതിയല്ല ഈ പ്രവാസി വിരോധം; കോടികള്‍ ചെലവിട്ട് കെട്ടിപ്പൊക്കിയ പേരും പെരുമയും പൊളിഞ്ഞു പോകാതിരിക്കാനാണ്: പി.എം സാദിഖലി

ട്രൂ നാറ്റ് ടെസ്റ്റിന് ഇങ്ങോട്ട് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് കിറ്റ് അയക്കുന്നതൊക്കെ കൊള്ളാം.
പക്ഷെ, ടെസ്റ്റ് പ്രകാരം പോസിറ്റീവാകുന്നവരെ അവിടങ്ങളില്‍ പിന്നെ ആര് ചികിത്സിക്കും?
വിദേശ രാജ്യങ്ങളില്‍ ചികിത്സ നടത്താന്‍ കേരള സര്‍ക്കാരിനു എന്തെങ്കിലും സംവിധാനമുണ്ടോ?

ഗള്‍ഫ് നാടുകളില്‍ നിന്ന് വരുന്നത് കുവൈറ്റ് സിറ്റിസണോ സൗദി സിറ്റിസണോ അല്ല.
ഇന്ത്യന്‍ പൗരന്മാരാണ്!
ഒരു രാജ്യം മറ്റൊരു രാജ്യത്ത് ടെസ്റ്റ് നടത്തി കോവിഡ് പോസിറ്റീവാകുന്ന തങ്ങളുടെ പൗരന്മാരെ ആ രാജ്യത്ത് തന്നെ ഉപേക്ഷിച്ച് തള്ളുകയാണോ വേണ്ടത് ?

ഇപ്പോള്‍ തന്നെ ആശുപത്രികളിലും ക്വാറന്റീന്‍ കേന്ദ്രങ്ങളിലും രോഗികള്‍ക്ക് ഇടം നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ആ രാജ്യങ്ങള്‍ക്ക് ഇവരുടെ ചികിത്സ കൂടി ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടോ?

ഡല്‍ഹിക്കാര്‍ അല്ലാത്തവരെ ചികിത്സിക്കില്ലെന്ന് ആ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ ഒരു ഘട്ടത്തില്‍
പറഞ്ഞ സ്ഥിതിക്ക് ഒരു ഫെഡറല്‍ സംവിധാനത്തിനകത്ത് പോലും ഇല്ലാത്ത ഏന്ത് പൊതു മര്യാദയാണ് വിദേശ രാജ്യങ്ങള്‍ക്ക് പാലിക്കാനുള്ളത്!

തങ്ങളുടെ ഒരു പൗരന്‍ ഏത് രാജ്യത്തായാലും അവിടെ വെച്ച് അയാള്‍ക്ക് ഉണ്ടാകുന്ന ക്ഷതമോ മാനഹാനിയോ രാജ്യങ്ങള്‍ തമ്മിലുള്ള വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും യുദ്ധങ്ങളിലേക്ക് വരെ നയിക്കുകയും ചെയ്തിട്ടുണ്ട്.
വിദേശത്ത് കഴിയുന്ന ഓരോ പൗരനേയും മാതൃരാജ്യങ്ങള്‍ ഇവ്വിധമാണ് പരിഗണിക്കുന്നത്.

പക്ഷെ,
ഇവിടെ , ഇതെന്താ ഇങ്ങനെ?

ചൈനയിലേതിന്റെ ഇരട്ടിയിലധികം ആളുകള്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ അധികം കോവിഡ് രോഗികള്‍ ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍ ഉണ്ട്.
അവര്‍ക്കൊന്നും കേരളത്തിലേക്ക് വരുന്നതിന് നിര്‍ബന്ധമല്ലാത്ത കോവിഡ് ടെസ്റ്റ് ഗള്‍ഫില്‍ നിന്നും വരുന്നവര്‍ക്ക് മാത്രം നിര്‍ബന്ധമാക്കുന്നതിലെ
യുക്തിയെന്താണ് ?

പാസ്‌പ്പോര്‍ട്ട്, വിസ ,എമിഗ്രഷന്‍ നടപടികളിലൂടെ പകരുന്ന രോഗമാണോ കോവിഡ് എന്ന് ആരും സംശയിച്ചു പോകും സര്‍ക്കാരിന്റെ ഈ തോന്നിവാസങ്ങള്‍ കാണുമ്പോള്‍…

ഇനി
റാപ്പിഡ് , ട്രു നാറ്റ് ടെസ്റ്റുകള്‍ അനുവദനീയമല്ലാത്ത രാജ്യങ്ങളില്‍ ഏത് വിധമാണ് ഇത്തരം ടെസ്റ്റുകള്‍ കേരള സര്‍ക്കാര്‍ നടത്താന്‍ പോകുന്നത് ?

ഉറവിടം കണ്ടെത്താനാകാത്ത 60 ലധികം പേര്‍ക്കാണ് സംസ്ഥാനത്തിനകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ അനേകം പേരിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് പരിശോധനയുടെ കാര്യത്തില്‍ രാജ്യത്ത് കേരളം ഇരുപതാം സ്ഥാനത്താണ്.ലോകത്ത് തന്നെ കുറവ് ടെസ്റ്റുകള്‍ നടത്തുന്ന ഇന്ത്യയുടെ ശരാശരിയേക്കാളും താഴെയെത്രെ കേരളം !

അങ്ങിനെയിരിക്കെ പ്രവാസികള്‍ക്ക് പിണറായി കൊടുത്തയക്കുന്ന ഈ ട്രൂ നാറ്റ് കിറ്റ്, പകരം ഇവിടെ തന്നെ വ്യാപകമായി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ രോഗവ്യാപനം തിട്ടപ്പെടുത്തുന്നതല്ലേ ഉചിതം.
ഈ ട്രൂ നാറ്റ് പ്രയോഗം നമുക്കല്ലേ ഇപ്പോള്‍ കൂടുതല്‍ ആവശ്യം?

അതെങ്ങിനെ ?
അപ്പോള്‍ പിന്നെ ഒറിജിനല്‍ രംഗം തന്നെ പുറത്താകില്ലേ..

പിന്നെ കേരള മോഡല്‍ ഥാ…
ചക്ക തലയില്‍ വീണവന് വരെ കോവിഡ് കണ്ടെത്തിയ നാടാണെന്നോര്‍ക്കണം

സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെ കരുതിയല്ല ഈ പ്രവാസി വിരോധമെന്ന് ചുരുക്കം, കോടികള്‍ ചെലവിട്ട് കെട്ടിപ്പൊക്കിയ പേരും പെരുമയും പൊളിഞ്ഞു പോകാതെ പിടിച്ചു നില്‍ക്കണം.

സ്വയം പടച്ചുണ്ടാക്കിയ പ്രശസ്തിയുടെ പൊന്‍കിരീടം തലയിലുറപ്പിക്കാന്‍ പി.ആര്‍ മുഖ്യന്‍ കാട്ടിക്കൂട്ടുന്ന തന്നിഷ്ടത്തിനും തന്‍ പോരിമക്കും മുമ്പില്‍ പൊലിയുന്നത് ലക്ഷോപലക്ഷം മനുഷ്യ ജീവിതങ്ങളാണെന്ന് കേരളത്തിലെ ബഹുജന സാമാന്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.

കരുതിയിരിക്കുക.
അസത്യങ്ങളും അയഥാര്‍ത്ഥ നാട്യങ്ങളും ഒരു നിശ്ചിത സമയത്തിനപ്പുറത്ത് അതിജീവിക്കില്ല!

പി എം സാദിഖലി

SHARE