വീണ്ടുമൊരു ‘സിറിയ’ക്കഥ; കേരളം ഭരിക്കുന്നത് സംഘ് പരിവാറോ?

ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ടക്കാരിയായ ഒരു പെണ്‍കുട്ടിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാഹി പെരിങ്ങാട് സ്വദേശിയായ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുകയാണ്.
തീവ്രവാദ ബന്ധത്തിന് തെളിവൊന്നുമില്ലാത്ത ഈ കേസ് വെറുമൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകന്‍ പ്രശാന്ത് എം.പിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നുത്.

ബാംഗ്ലൂരില്‍ പഠിക്കുമ്പോള്‍ പ്രണയിച്ച് വിവാഹിതയാവുകയും കോടതിയുടെ അനുമതിയോടെ സൗദി അറേബ്യയിലേക്ക് പോവുകയും ചെയ്ത പെണ്‍കുട്ടിയെ ഗുജറാത്തില്‍ ജോലി ചെയ്യുന്ന പിതാവ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച ശേഷമാണ് ഈ പരാതി നല്‍കിയിരിക്കുന്നത്.

ഐ.എസ് ബന്ധം, ലൈംഗിക അടിമയാക്കല്‍, വീട്ടുതടങ്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിങ്ങനെ ഒട്ടനേകം അപസര്‍പ്പക കഥകളുടെ അകമ്പടിയോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ ബോധ്യമാകുന്നു. ആരെങ്കിലും പരാതി നല്‍കുമ്പോഴേക്കും പ്രതിസ്ഥാനത്ത് മുസ്‌ലിമോ ദലിതനോ ആണെങ്കില്‍ കഥകളുണ്ടാക്കി അകത്തിടാന്‍ നിഷ്പ്രയാസം സാധിക്കുമെന്നത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ കേസ്.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ മാത്രമേ പോലീസിന്റെ ഈ അത്യുത്സാഹം സഹായകമാകൂ.
പിണറായി വിജയന്റെ പൊലീസ് എത്രമാത്രം ഇസ്‌ലാമോഫോബിക്കാണ് എന്ന് ഇത്തരം കേസുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കള്ളക്കേസില്‍ കുടുക്കി കരിനിയമങ്ങള്‍ ചുമത്തി മുസ്‌ലിം, ദലിത് ചെറുപ്പക്കാരെ ജയിലിലടയ്ക്കുന്ന പണി ആഭ്യന്തര വകുപ്പ് അവസാനിപ്പിക്കണം.
സംസ്ഥാനം ഭരിക്കുന്നത് സംഘ്പരിവാറാണോ എന്നു പോലും സംശയിച്ചു പോകുന്ന വിധത്തിലാണ് ഇത്തരം കേസുകളുടെ പരിസരം.
വര്‍ഷങ്ങളേറെ ജയിലറകളില്‍ കിടന്ന ശേഷം നിരപരാധിയെന്നു കണ്ട് വിട്ടയക്കുന്ന പതിവു കലാപരിപാടികളിലൂടെ ഈ ചെറുപ്പക്കാര്‍ക്ക് രാജ്യം നല്‍കുന്ന സന്ദേശമെന്താണ്?

തീവ്രവാദ കേസുകള്‍ മുസ്‌ലിംകള്‍ക്ക് സംവരണം ചെയ്യുന്ന ഏര്‍പ്പാട് പുന:പരിശോധിച്ചില്ലെങ്കില്‍ വലിയ വിപത്തിലേക്കാണ് ചെന്നുചാടാന്‍ പോകുന്നത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിവാക്യം ഈ സന്ദര്‍ഭങ്ങളില്‍ നമുക്ക് നേരെ കൊഞ്ഞനം കുത്തുന്നുണ്ട്. നിരപരാധികളെ വേട്ടയാടുന്നത് മുതലെടുത്ത് തീവ്രവാദത്തിന് വളം ചേര്‍ക്കാന്‍ ഒരു വിഭാഗം നാട്ടിലുണ്ട് എന്ന കാര്യം ആഭ്യന്തര വകുപ്പ് മറന്നു പോകരുത്. സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങളില്‍നിന്നു വരുന്ന ഇത്തരം ഫാബ്രിക്കേറ്റഡ് സ്‌റ്റോറികളെ തിരക്കഥയാക്കി സൂപ്പര്‍ ഹിറ്റ് ഉണ്ടാക്കുന്നത് നിയമപാലകര്‍ക്കു ചേര്‍ന്ന പണിയല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയേ പറ്റൂ.

നീതി നടപ്പാക്കണം.
നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്.