മോദി വാ തുറക്കണം; പ്രധാനമന്ത്രിയെ പരിഹസിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്‍ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

മോദി വല്ലപ്പോഴും വാ തുറക്കണമെന്നും ഇക്കാര്യത്തില്‍ തന്നെ ഉപദേശിച്ച കാര്യം മറക്കേണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയെ മന്‍മോഹന്‍ രൂക്ഷമായി വിമര്‍ശിച്ചത്. ദീര്‍ഘ കാലം മൗനം പാലിച്ച ശേഷം വെള്ളിയാഴ്ച മോദി മൗനം ഭേദിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ മൗന്‍ (നിശബ്ദന്‍) മോഹന്‍ സിങ് എന്ന് പലപ്പോഴും വിശേഷിപ്പിച്ചിരുന്ന മോദി തനിക്കു നല്‍കിയ ഉപദേശം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നാല്‍ അത് കുറ്റവാളികള്‍ മുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്വ, ഉന്നാവോ പോലുള്ള സംഭവങ്ങളില്‍ ഭരണാധികാരികള്‍ അനുയായികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും തന്നെ പലപ്പോഴും ഉപദേശിക്കുന്ന മോദി ഇക്കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ തയാറാകുന്നില്ലെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കത്വ കേസ് കുറച്ചു കൂടി ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും സിങ് പറഞ്ഞു.

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഹിന്ദു, മുസ്്‌ലിം വിവേചനം പോലും അറിയില്ലെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിപ്രായം ഏറെ വേദനയോടെയാണ് വായിച്ചതെന്നും കേസിന് വര്‍ഗീയ നിറം നല്‍കാന്‍ ബി.ജെ.പി നടത്തിയ ശ്രമം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ, മുസ്്‌ലിംകള്‍ക്കും ദളിതുകള്‍ക്കുമെതിരായ അതിക്രമം എന്നീ വിഷയങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കണ്ണടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉന്നാവോയില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഉന്നാവോ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ അടുത്തിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. എംഎല്‍എയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ഭയപ്പെടുത്തല്‍, എന്നീ കേസുകളാണ് എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കത്വ കേസില്‍ ബിജെപി മന്ത്രിമാര്‍ പ്രതികളെ പിന്തുണച്ചതും വിവാദമായിരുന്നു.