വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു, ഇത് വികസനത്തിന്റെ കാലമാണ്; ലഡാക്കില്‍ ചൈനയോടായി പ്രധാനമന്ത്രി മോദി

ലഡാക്ക്: രാജ്യത്തിന്റെ പേരെടുത്തു പറയാതെ ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ”വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ലോകം വികസന പാതയിലേക്ക് നീങ്ങി. വിപുലീകരണ ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ നശിപ്പിച്ചു. അതിര്‍ത്തി കൈയേറുന്നവര്‍ സമാധാനത്തിന്റെ ശത്രുക്കളാണ്. ലോകം മുഴുവന്‍ അവര്‍ക്കെതിരാണ്. അതിര്‍ത്തി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ ഇല്ലാതാവുന്ന ചരിത്രം നാം കണ്ടിട്ടുണ്ട്.
അവര്‍ ഒന്നുകില്‍ പരാജയപ്പെടുകയോ ചരിത്രത്തില്‍ മറന്നുപോവുകയോ ചെയ്തിട്ടുണ്ട്. ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു,

അതിര്‍ത്തില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിന് ശേഷം ലഡാക്ക് സന്ദര്‍ശനത്തിനിടെ നേമു സെക്ടറിലെ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണ്. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരത. അവരുടെ കൈകള്‍ ലഡാക്ക് മലനിരകളെപ്പോലെ ശക്തമാണ്, നിശ്ചയദാര്‍ഢ്യം ഈ മലനിരകളേപ്പോള്‍ ഉറച്ചതാണ്.
സൈനികര്‍ക്ക് രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ലോകത്തെങ്ങുമുള്ള ഓരോ ഇന്ത്യാക്കാരനും വിശ്വസിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേവനമാണ് നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി നല്‍കുന്നത്. ലോകത്തെ മറ്റ് സൈനികശക്തിയെക്കാള്‍ വലുതാണ് ഇന്ത്യന്‍സൈന്യമെന്ന് നിങ്ങള്‍ വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യം കൂടുതല്‍ ശക്തമാവുന്നു, ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിയുന്നു, മോദി സൈനികരുടെ മനോവീര്യത്തെ പ്രോത്സാഹിപ്പിച്ചു പറഞ്ഞു.

ലോകസമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത എല്ലാവര്‍ക്കും അറിയാം. ഓടക്കുഴലൂതുന്ന കൃഷ്ണനേയും സുദര്‍ശനചക്രമേന്തിയ കൃഷ്ണനേയും ഒരേസമയം ആരാധിക്കുന്ന ആളുകളാണ് നാം. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. നാം മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, മോദി പറഞ്ഞു.

യുദ്ധമോ സമാധാനമോ, സാഹചര്യം എന്തായാലും സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ലോകം കണ്ടു. ശത്രുക്കള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കി. ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാല്‍വനില്‍ വീരമൃത്യു വരിച്ചവരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചര്‍ച്ചയാവുന്നു. നിങ്ങളുടെ ശൗര്യമെന്താണെന്ന് ഭാരതമാതാവിന്റെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു, മോദി കൂട്ടിച്ചേര്‍ത്തു.

സംയുക്ത സേനാ മേധാവി വിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ ലഡാഖ് യാത്ര. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ലഡാഖ് യാത്ര.