മുഖ്യമന്ത്രിമാരുമായി വീഡിയോകോള്‍ തുടങ്ങി; മാസ്‌ക് അണിഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ വിശകലനം ചെയ്യാനും ഏപ്രില്‍ 14 ന് ശേഷം നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങി. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ചയ്ക്കിടെ സ്വവസതിയിലിരിക്കുന്ന പ്രധാനമന്ത്രി മോദി മാസ്‌ക് ധരിച്ചാണ് എത്തിയത്.

എല്ലാവരേയും വീടുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കര്‍ശന ഉപദേശം സന്ദേശമെന്നോണമാണ് വെര്‍ച്വല്‍ മീറ്റിങിലും മോദി മാസ്‌ക് ധരിച്ചത്.

ശനിയാഴ്ച രാവിലെ 11 ന് ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നേരത്തെ പഞ്ചാബും ഒഡീഷയും ഏപ്രില്‍ 14 ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. നിലവിലെ 21 ദിവസത്തെ അടച്ചുപൂട്ടല്‍ ചൊവ്വാഴ്ച അവസാനിക്കും. രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമാകുന്നത്.