ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായ പശ്ചിമ ബംഗാള്‍ ഒഡീസ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. കോവിഡിനെ പ്രതിരോധത്തെ തുടര്‍ന്ന് 83 ദിവസത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഡല്‍ഹി വിട്ട് പുറത്തുപോകുന്നത്. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഹെലികോപ്റ്ററില്‍ ചുഴലിക്കാറ്റ് ബാധിത മേഖല വീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാശനഷ്ടം വിലയിരുത്തും.
ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും കോവിഡിനേക്കാള്‍ കൂടുതലാണ് ഉംപുന്‍ മൂലമുണ്ടായ നാശനഷ്ടങ്ങളെന്നും മമത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം.
രാജ്യത്ത് കൊറോണ അണുബാധ പ്രതിരോധം തുടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അല്ലാതെ ഒരു പരിപാടികളിലും പ്രധാനമന്ത്രി ഡല്‍ഹി വിട്ടു പങ്കെടുത്തിരുന്നില്ല. ഫെബ്രുവരി 29 ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്, ചിത്രകൂട്ട് എന്നിവിടങ്ങളിലായിരുന്നു മേദിയുടെ അവസാന സന്ദര്‍ശനം.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി മോദി ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. കൊല്‍ക്കത്തെയിലെത്തുന്ന മോദി ആദ്യം പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തും, തുടര്‍ന്ന് ഒഡീഷയിലേക്ക് പോകുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.