ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീര്യമൃത്യു വരിച്ച സംഭവത്തില്‍ ആരും നമ്മുടെ പ്രദേശത്തേക്ക് പ്രവേശിച്ചിട്ടില്ലെന്ന സര്‍വ്വകക്ഷി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നു. ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറ്റങ്ങളൊന്നുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനിടെ മോദിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് സൂപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തി.
മോദിയുടെ പ്രസ്താവനക്കെതിരെ മൂന്ന് തുടര്‍ചോദ്യങ്ങളുമായാണ് കട്ജു ട്വീറ്റ് ചെയ്തത്.
ഞങ്ങളുടെ അതിര്‍ത്തിയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് മോദി പറഞ്ഞു.
എങ്കിലദ്ദേഹം ഉത്തരം പറയട്ടെ
(1) ഗാല്‍വാന്‍ താഴ്വര ഇന്ത്യയുടേതാണോ?
(2) ആണെങ്കില്‍, ചൈന അത് കൈവശപ്പെടുത്തിയിട്ടുണ്ടോ? അത് നമ്മുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതാവില്ലേ?
(3) അത് വീണ്ടെടുക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ, അല്ലെങ്കില്‍ ചൈനയുടെ ഈ നിയമവിരുദ്ധ അധിനിവേശം നമ്മള്‍ സ്വീകരിക്കാന്‍ പോവുകയാണോ?
അറിയാന്‍ ഇന്ത്യക്ക് അവകാശമുണ്ട്, കട്ജു ട്വീറ്റ് ചെയ്തു.
കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സംഭവത്തെക്കുറിച്ച് ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ആരും നമ്മുടെ പ്രദേശത്തേത്ത് പ്രവേശിച്ചിട്ടില്ലെന്നും ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറ്റങ്ങളൊന്നുമില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതിര്‍ത്തിയില്‍ ആരും കടന്നുകയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരു സൈനിക പോസ്റ്റില്‍ പോലും അവര്‍ അധീശത്വം സ്ഥാപിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ, അവര്‍ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം സംസാരത്തിലെവിടേയും ചൈന എന്ന വാക്ക് പോലും വരാതെയായിരുന്നു മോദിയുടെ പ്രസ്താവന.