കൊറോണ: പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുനായി ഈ മാസം 17നായിരുന്നു മോദി ധാക്ക സന്ദര്‍ശനം. ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി മോദിക്ക് ക്ഷണം ലഭിച്ചിരുന്നു.

ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരിലാണ് രോഗം കണ്ടെത്തിയത്. ഇതില്‍ രണ്ടു പേര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

കൊറോണ പടര്‍ന്ന്പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദിയോടനുബന്ധിച്ച ആഘോഷങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കാണ് ഖത്തറിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.