കോവിഡ് 19; മന്‍മോഹന്‍ സിങ് അടക്കം നിരവധി പ്രമുഖരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കം രാജ്യത്തെ മുന്‍ രാഷ്ട്രപതിമാര്‍ പ്രധാനമന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവരെ ഫോണില്‍ വിളിച്ച് പധാനമന്ത്രി നരേന്ദ്രമോദി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെച്ച ചര്‍ച്ചകള്‍ക്കായി മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍സിങ്, ദേവ ഗൗഡ എന്നിവരെയാണ് മോദി ഫോണില്‍ ബന്ധപ്പെട്ടതായാണ റിപ്പോര്‍ട്ട്.

ഇതിന് പുറമെ വിവിധ കക്ഷി നേതാക്കളായ സോണിയാ ഗാന്ധി, മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, കെ.ചന്ദ്രശേഖര്‍ റാവു, എം. കെ സ്റ്റാലിന്‍, പ്രകാശ് സിങ് ബാദല്‍ എന്നിവരുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

നേതാക്കളുമായി മോദി സംസാരിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടക്കുന്ന സര്‍വകക്ഷിയോഗത്തിന് മുന്നോടിയായ നേതാക്കളെ ക്ഷണിച്ചാവാം സംഭാഷണമെന്നാണ് നിഗമനം. കോവിഡ് 19നെതിരായ പോരാട്ടങ്ങള്‍ക്ക് ഒരു വിശാലാടിസ്ഥാനത്തിലുള്ള ഒരു സംയുക്ത തന്ത്രം ആവിഷ്‌കരിക്കരിക്കുക  എന്ന ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് ചര്‍ച്ചകളെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം ഐക്യത്തോടെ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സും  പ്രധാനമന്ത്രി നടത്തിയിരുന്നു.