രസതന്ത്രം കണക്കിനെ തോല്‍പ്പിച്ചു; വോട്ടെണ്ണും മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നെന്ന് മോദി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തി. ഇന്നലെ രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് ദര്‍ശനത്തിനായി റോഡ് മാര്‍ഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ കണക്കുകൂട്ടലുകളെയും രസതന്ത്രം തോല്‍പ്പിച്ചതായി മോദി പറഞ്ഞു. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിനെയാണ് ജനം തെരഞ്ഞെടുത്തത്. അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണെന്നും മോദി പറഞ്ഞു. വോട്ടെണ്ണും മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നു. എല്ലാ പ്രതിസന്ധികളും മറികടന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും കഠിനമായ പരിശ്രമത്താലാണ്. തെരഞ്ഞെടുപ്പ് വിജയം തനിക്ക് താരതമ്യം ചെയ്യാനാകാത്ത കരുത്താണ് നല്‍കിയതെന്നും മോദി പറഞ്ഞു. കേരളത്തിലും ബംഗാളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു എന്ന ആരോപണവും മോദി ആവര്‍ത്തിച്ചു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാകില്ല. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചു. കേരളത്തിലും ബംഗാളിലും അക്രമം തുടരുന്നു. അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാണ് കൊന്നുകളയുന്നത്- ഇതായിരുന്നു മോദിയുടെ വാക്കുകള്‍. ബി.ജെ.പി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്ന വിമര്‍ശനങ്ങളും മോദി തള്ളിക്കളഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ പല പ്രദേശങ്ങളിലും ബി.ജെ.പി അധികാരത്തിലുണ്ടെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.