ഫൈക്ക് ന്യൂസ്: പ്രതിഷേധം കടുത്തു; വിവാദ ഭേദഗതി പ്രധാനമന്ത്രി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഫൈക്ക് ന്യൂസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടാനുള്ള നിയമ ഭേദഗതി നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി.
വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം അലയടിച്ചതോടെയാണ് കേന്ദ്രത്തിന്റെ പിന്‍മാറ്റം.

വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന നിയമത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയിരുന്നത്.

വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യതവണ ആറുമാസത്തേക്കാവും അക്രഡിറ്റേഷന്‍ റദ്ദാക്കുക. എന്നാല്‍ രണ്ടാമതും വ്യാജ വാര്‍ത്തകല്‍ നല്‍കിയാല്‍ ഒരു വര്‍ഷത്തേക്കും ഇത് വീണ്ടും ആവര്‍ത്തിക്കുയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന രീതിയിലാണ് നിയമം. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്താ വിനിമയ മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശ രേഖകളില്‍ മാറ്റം വരുത്തിയത് വ്യക്തമായത്. എന്നാല്‍ ഇതിനെതിരെ സാമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയായിരുന്നു.