മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഇനി കൂട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുഖ്യമന്ത്രിയോട് മര്യാദയില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നാണ് പി.എം മനോജ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് ഇനി കൂട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായി വിജയന്‍ പതിവ് രീതിയില്‍ ക്ഷുഭിതനായി പൊട്ടിത്തെറിക്കുകയായിരുന്നു. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള സ്ഥിരം പതിവ് ആയതിനാല്‍ ഇക്കുറി മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുന്നയിച്ചു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി എഴുതിയപ്പോഴെല്ലാം അത് ആസ്വദിച്ചവര്‍ വിമര്‍ശിക്കുമ്‌ബോള്‍ അധിക്ഷേപിക്കുന്നതിന്റെ ന്യായം എന്തെന്ന ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്തരമില്ലാതായി. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രസ് സെക്രട്ടറി പി.എം മനോജ് രംഗത്തെത്തിയത്.

ഇനി മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് കൂട്ടില്ലെന്നും പി.എം മനോജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മനോജിന്റെ വിമര്‍ശനത്തിനെതിരെ മാധ്യമപ്രവര്‍ത്തകനായ വിനു വി ജോണ്‍ രംഗത്തെത്തി. കേവലം ഒരു പാര്‍ട്ടി അടിമയെപ്പോലെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു ട്വീറ്റ് ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ എത്രപേര്‍ വരണമെന്നും എന്തൊക്കെ ചോദിക്കണമെന്നും തീരുമാനിക്കേണ്ടത് മാധ്യമങ്ങളാണെന്നും അത് മാധ്യമസ്വാതന്ത്ര്യമാണെന്നും വിനു പറഞ്ഞു.

SHARE