മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഇനി കൂട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പിണറായി പതിവ് രീതിയില്‍ ക്ഷുഭിതനായി പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് പിണറായിയുടെ ധീരതയായി സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ചു. താങ്കളെ പുകഴ്ത്തിയെഴുതിയപ്പോഴെല്ലാം അതാസ്വദിച്ച നിങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അധിക്ഷേപിക്കുന്നതിന്റെ ന്യായമെന്തെന്ന ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി കുരുങ്ങി.

ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രസ് സെക്രട്ടറി പി.എം മനോജ് രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുഖ്യമന്ത്രിയോട് മര്യാദയില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചു എന്നാണ് മനോജിന്റെ ആരോപണം. പിണറായിയെ പേടിയായതിനാല്‍ ഒരു സ്ഥാപനത്തില്‍ നിന്ന് തന്നെ ഒന്നില്‍ കൂടുതല്‍ പേര്‍ വന്നെന്നും മനോജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇനി മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് കൂട്ടില്ലെന്നും പി.എം മനോജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മനോജിന്റെ വിമര്‍ശനത്തിനെതിരെ മാധ്യമപ്രവര്‍ത്തകനായ വിനു വി ജോണ്‍ രംഗത്തെത്തി. കേവലം ഒരു പാര്‍ട്ടി അടിമയെപ്പോലെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു ട്വീറ്റ് ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ എത്രപേര്‍ വരണമെന്നും എന്തൊക്കെ ചോദിക്കണമെന്നും തീരുമാനിക്കേണ്ടത് മാധ്യമങ്ങളാണെന്നും അത് മാധ്യമസ്വാതന്ത്ര്യമാണെന്നും വിനു പറഞ്ഞു.

SHARE