കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ സഹകരണ ബാങ്കില്‍ ജില്ലാ നേതാവിന്റെ മകന് നടത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ്. ബാങ്ക് ജീവനക്കാരനായ ഇയാള്‍ ആളുകള്‍ പണയത്തിന് വെച്ച സ്വര്‍ണം വ്യാജരേഖയുണ്ടാക്കി ഇതേ ബാങ്കില്‍ വീണ്ടും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയത്. 38 ലക്ഷത്തിലേറെ രൂപയുടെ തിരിമറിയാണ് നടന്നത്. പണം തിരിച്ചടച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടതോടെ ജീവനക്കാരനെ സസ്പെന്റ് ചെയ്ത് തടിയൂരാനാണ് ബാങ്കിന്റെ ശ്രമം. പേരാവൂര്‍ കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലാണ് സംഭവം.
പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഉപഭോക്താവ് എത്തിയപ്പോഴാണ് കള്ളം പൊളിഞ്ഞത്. ലോക്കറില്‍ നോക്കിയപ്പോള്‍ സ്വര്‍ണം കാണാനില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ മറ്റൊരാളുടെ പേരില്‍ ഇതേ ബാങ്കില്‍ത്തന്നെ സ്വര്‍ണമുണ്ടെന്ന് കണ്ടെത്തി. വ്യാജരേഖ ചമച്ചും അളവില്‍ തിരിമറി കാണിച്ചും ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്റെ മകന് ബിനേഷ് പി.വിയെയാണ് പുറത്താക്കിയത്. തിരിമറിയെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്ക് സമിതിയെ നിയോഗിച്ചിട്ടുണ്ട്. സി.പി.എം നേതാവിന്റെ മകനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനും ആയതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.