മോദിയെ നിരക്ഷരനെന്ന് വിളിക്കും; പ്രധാനമന്ത്രി എന്നാല്‍ ദൈവമല്ല: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരക്ഷരനെന്ന് വിളിച്ചതില്‍ ഖേദമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. നിരക്ഷരന്‍ എന്നത് മോശമായ പദമല്ലെന്നും ഒരു ജനാധിപത്യ രാജ്യത്തില്‍ പ്രധാനമന്ത്രി എന്നാല്‍ ദൈവം എന്ന് അര്‍ഥമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

‘ഇതൊരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തില്‍ പ്രധാനമന്ത്രി എന്നാല്‍ ദൈവമല്ല. അദ്ദേഹത്തിനുള്ള ബഹുമാനം നല്‍കിക്കൊണ്ടു തന്നെ ജനങ്ങള്‍ വിമര്‍ശനം ഉന്നയിക്കും. ഞാന്‍ ഉപയോഗിച്ച പദം അന്തസില്ലാത്തതല്ല’- നിരുപം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നിരുപം മോദിയെക്കുറിച്ച് നിരക്ഷരനെന്ന പരാമര്‍ശം നടത്തിയത്. ‘ചലോ ജീത്തേ ഹേ’ (വരൂ ജയിക്കാം) എന്ന മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ആയിരുന്നു നിരുപമിന്റെ വിമര്‍ശം.

‘മോദിയെപ്പോലുള്ള നിരക്ഷരനെക്കുറിച്ച് അറിയുന്നതിലൂടെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് എന്ത് നേട്ടമാണ് ഉള്ളത്? രാജ്യത്തെ പൗരന്‍മാര്‍ക്കും കുട്ടികള്‍ക്കും ഇപ്പോഴും പ്രധാനമന്ത്രിയുടെ ഡിഗ്രികളെക്കുറിച്ച് അറിയില്ല എന്നത് എത്രയോ ലജ്ജാകരമാണ്” -അദ്ദേഹം പറഞ്ഞു.

ഇതേ തുടര്‍ന്ന് മോദി ഭക്തരുടെ വ്യാപക പ്രതിഷേധമായിരുന്നു നിരുപമിനും കോണ്‍ഗ്രസിനും എതിരെ. ഇതോടെ തന്റെ വാക്കുകളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി നിരുപം വീണ്ടും രംഗത്തെത്തുകയായിരുന്നു. മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് അദ്ദേഹം വീണ്ടും ചോദ്യമുന്നയിച്ചു. പ്രധാനമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ ഡല്‍ഹി സര്‍വകലാശാലക്ക് മേല്‍ എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടോ എന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.

SHARE