പി.എം കെയേഴ്‌സ് ഫണ്ടിന് ഓഡിറ്റില്ല; അഴിമതിക്ക് കളമൊരുങ്ങുമെന്ന് വിമര്‍ശം

ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെ നേരിടാനായി മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന പി.എം കെയേഴ്‌സ് ഫണ്ട് (ദുരിതാശ്വാസ നിധി) കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) ഓഡിറ്റിന് വിധേയമാകില്ലെന്ന് റിപ്പോര്‍ട്ട്. ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആയതു കൊണ്ടാണ് കെയേഴ്‌സ് ഫണ്ടില്‍ ഓഡിറ്റ് ആവശ്യമില്ലാത്തത് എന്ന് ഒരു സി.എ.ജി ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ചെയര്‍പേഴ്‌സണും മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍ ട്രസ്റ്റിയുമായി മാര്‍ച്ച് 28നാണ് പി.എം കെയേഴ്‌സ് എന്ന പുതിയ ട്രസ്റ്റ് രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനില്‍ക്കെയാണ് പുതിയൊരു ട്രസ്റ്റിന് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നത്. ഇത് വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

‘ട്രസ്റ്റികള്‍ ആവശ്യപ്പെട്ടാല്‍ അല്ലാതെ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനാകില്ല. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സംഭാവനകള്‍ അടിസ്ഥാനപ്പെടുത്തിയാണ് കെയേഴ്‌സ് ഫണ്ട്. ഒരു ചാരിറ്റി സംഘടന ഓഡിറ്റ് ചെയ്യാനുള്ള അധികാരം ഞങ്ങള്‍ക്കില്ല’- ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ട്രസ്റ്റികള്‍ നിശ്ചയിക്കുന്ന സ്വതന്ത്ര ഓഡിറ്റര്‍മാര്‍ ഫണ്ടുകളുടെ കണക്കെടുപ്പ് നടത്തും എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

1948ല്‍ രൂപീകരിക്കപ്പെട്ട പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും സി.എ.ജി ഓഡിറ്റ് നടത്താറില്ല. എന്നാല്‍ സി.എ.ജിക്ക് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിക്കാം. വ്യക്തികള്‍, കോര്‍പറേറ്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയ നിരവധി പേര്‍ പി.എം കെയേഴ്‌സിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കുന്ന ഡബ്യൂ.എച്ച്.ഒ പോലുള്ള സംഘടനകള്‍ ഓഡിറ്റിന് വിധേയമാകുന്ന സമയത്താണ് പി.എം കെയേഴ്‌സ് ഫണ്ടിന് കണക്കെടുപ്പില്‍ നിന്നുള്ള പരിരക്ഷ ലഭിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ അടക്കമുള്ളവര്‍ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തു വന്നു. ഇലക്ടോറല്‍ ബോണ്ടുകളുടെ അവസ്ഥയിലേക്കാണോ പി.എം കെയേഴ്‌സ് ഫണ്ടും പോകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ ഭഗവാന്‍ ഉടമസ്ഥനായി മാറി എന്നും മോദിയെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE