പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;വിജയശതമാനം 85.13%

തിരുവനന്തപുരം: കേരള ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലംപ്രഖ്യാപിച്ചു. കേരള ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 85.13% ആണ് വിജയശതമാനം.

സയന്‍സ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്‌സ് 84.52 ശതമാനം ടെക്‌നിക്കല്‍ 87.94. ആര്‍ട് (കലാമണ്ഡലം) 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

3,75,655 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത് ഇതില്‍ 3,19,782 പേര്‍ വിജയിച്ചു. 84.33 ആയിരുന്നു 2019ലെ വിജയശതമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്.

സ്‌കൂള്‍ വിഭാഗം അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് സ്‌കൂളുകള്‍ 88.01, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 81.33, സ്‌പെഷല്‍ സ്‌കൂളുകള്‍ 100. ടെക്‌നിക്കല്‍ സ്‌കൂളുകള്‍ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. വിജയശതമാനം കൂടുതല്‍ എറണാകുളത്താണ് 89.02 ശതമാനം. കുറവ് കാസര്‍കോട് 78.68 ശതമാനം. കഴിഞ്ഞവര്‍ഷം കോഴിക്കോടായിരുന്നു കൂടുതല്‍ വിജയശതമാനം.

114 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 79 സ്‌കൂളുകള്‍ക്കായിരുന്നു ഈ നേട്ടം. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. കുറവ് വയനാട്. 18510 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. 1200ല്‍ ഫുള്‍മാര്‍ക്ക് നേടിയത് 234 പേര്‍. കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് 2234 എണ്ണം.

ഓപ്പണ്‍ സ്‌കൂള്‍ ആയി പരീക്ഷ എഴുതിയവര്‍ 49245. ഇതില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 21490. 43.64 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 43.48 ആയിരുന്നു ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലെ വിജയ ശതമാനം.

പി.ആര്‍.ഡി. ലൈവിന്റെ മൊബൈല്‍ ആപ്പിലും www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

SHARE