‘അവിടെയും അവര്‍ കള്ളന്മാര്‍’ പ്ലസ്ടു പരീക്ഷ ആള്‍മാറാട്ടം, വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടില്‍


വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്

വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി ചൂണ്ടികാണിക്കപ്പെടുന്നു. മൂന്ന് അധ്യാപകര്‍ വിചാരിച്ചാല്‍ പോലും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കൃത്രിമം നടത്താമെന്ന് തെളിഞ്ഞിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ആള്‍മാറാട്ടം നടന്നത്. സ്‌കൂളിലെ അധ്യാപകനും അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദ് ആണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രണ്ടാംവര്‍ഷ ഇംഗ്ലീഷ് പരീക്ഷയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ പരീക്ഷയും ഓഫീസിലിരുന്ന് എഴുതിയത്. നിഷാദിനെയും പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറിയിലെ അധ്യാപകനുമായ പി.കെ ഫൈസല്‍, ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലുമായ കെ. റസിയ എന്നിവരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മൂല്യനിര്‍ണയത്തിനിടെയാണ് ക്രമക്കേട് ശ്രദ്ധയില്‍പെട്ടത്. ഉത്തരകടലാസിലെ കൈയക്ഷരം സമാനമായി കണ്ടതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
നീലേശ്വരം സ്‌കൂള്‍ സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോന നടന്നിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടിക വിഭാഗത്തില്‍ പെട്ട രണ്ടുകുട്ടികളുടെ വിജയം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഈ ആള്‍മാറാട്ടം എന്നാണു പ്രാഥമിക നിഗമനം. അതേസമയം, സ്‌കൂളിന്റെ സല്‍കീര്‍ത്തി ഉയര്‍ത്താന്‍ വേണ്ടിയുള്ള പ്രിന്‍സിപ്പലിന്റെയും അധ്യാപകന്റേയും നീക്കമാണ് ഈ ഗുരുതരമായ ക്രമക്കേടിലേക്കു നയിച്ചതെന്നാണ് കരുതുന്നത്.
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുകയും വിദ്യാര്‍ഥികളെ വന്‍തോതില്‍ ആകര്‍ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ നടപടി കനത്ത തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗ്രാമീണ മേഖലയിലെ ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകീര്‍ത്തികരമായ വാര്‍ത്ത പുറത്തു വന്നത്. പരീക്ഷ പേപ്പര്‍ തിരുത്തിയതു സംബന്ധിച്ച് അന്വേഷണത്തിനായി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ വിളിപ്പിച്ച കാര്യം പോലും പ്രിന്‍സിപ്പല്‍ തങ്ങളില്‍ നിന്നു മറച്ചു വെച്ചതായി സ്‌കൂള്‍ മോണിറ്ററിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി സാദിഖ് പറഞ്ഞു.
പ്ലസ് ടു റിസല്‍ട്ട് വന്ന ദിവസം ‘നീലേശ്വരം സ്‌കൂള്‍ വിജയ യാത്ര തുടരുന്നു’ എന്ന തലക്കെട്ടോടെ പ്രിന്‍സിപ്പല്‍ കെ. റസിയയുടെ വാട്‌സാപ്പ് സന്ദേശം പ്രചരിച്ചിരുന്നു. ഈ വര്‍ഷം പരീക്ഷ എഴുതിയ 175 കുട്ടികളില്‍ 173 പേരും വിജയിച്ചു. 22 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 2014-15 വര്‍ഷത്തില്‍ 2 കുട്ടികള്‍ മാത്രം മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിടത്തു നിന്നാണ് നാലുവര്‍ഷം കൊണ്ട് ഈ വലിയ നേട്ടത്തിലേക്ക് ഉയര്‍ന്നതെന്നും കുറിപ്പില്‍ പറയുന്നു.
നാലുവര്‍ഷംകൊണ്ട് ഒരു സര്‍ക്കാര്‍ വിദ്യാലയം കൈവരിച്ച നേട്ടമാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുന്നത്.
കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ സമാന്തരമായി ഉത്തരമെഴുതിയ അദ്ദേഹം ഇന്‍വിജലേറ്റര്‍ ഉത്തരക്കടലാസുമായി മാറ്റിവെക്കുകയായിരുന്നു. നിഷാദ് വി.മുഹമ്മദ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ ജയശ്രീക്കുമുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണത്തിലൂടെ മാത്രം യാഥാര്‍ഥ്യം വ്യക്തമാവുകയുള്ളു. നിഷാദ് വി. മുഹമ്മദ് സി.പി.എം നേതൃത്വത്തിലുള്ള അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ പ്രവര്‍ത്തകനാണ്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും നേരത്തെയാക്കിയെന്ന ഖ്യാതി അവകാശപ്പെട്ട വിദ്യാഭ്യാസവകുപ്പിന് പുതിയ സംഭവവികാസം നാണക്കേടായിരിക്കുകയാണ്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍
മുക്കം: നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏതാനും വിദ്യാര്‍ഥികളുടെ പ്ലസ് ടു പരീക്ഷ അധ്യാപകന്‍ ഓഫീസിലിരുന്ന് എഴുതി ആള്‍മാറാട്ടം നടത്തിയത് പിടിക്കപ്പെട്ട് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു പേര്‍ സസ്‌പെന്‍ഷനിലായ സംഭവം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. ആരോപണ വിധേയനായ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ.റസിയ, പരീക്ഷാ ഡ്യൂട്ടിക്കെത്തിയ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി.കെ.ഫൈസല്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. രണ്ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയും രണ്ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷയും എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തിയതുമാണ് കണ്ടെത്തിയത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന സ്‌കൂളിന് ദുഷ്‌പേരു വരുത്തിയ അധ്യാപകന്റെ നടപടിയില്‍ പി.ടി.എ യോഗം അമര്‍ഷം രേഖപ്പെടുത്തി. നിയമാനുസൃതമായ നടപടികളെ സ്വാഗതം ചെയ്തു. വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കരുതെന്നും ഉന്നത പ0നത്തിനു തടസമുണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു.

SHARE