പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ പകര്‍ത്തി

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ പാര്‍ക്കില്‍ എത്തിയ പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പിറന്നാളാഘോഷത്തിനു ശേഷം വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങവേ പെണ്‍കുട്ടിയെ അക്രമികള്‍ ഉപദ്രവിക്കുകയായിരുന്നു. സുഹൃത്തിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്. അക്രമികള്‍ ബലാത്സംഗത്തിന്റെ വിഡിയോ പകര്‍ത്തിയതായും പൊലീസ് അറിയിച്ചു. പോക്‌സോ ആക്ട്, സെക്ഷന്‍ 354, സെക്ഷന്‍ 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. തെലങ്കാനയില്‍ പീഡനത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് കോയമ്പത്തൂരില്‍ നിന്ന് മറ്റൊരു പീഡന വാര്‍ത്ത പുറത്ത് വരുന്നത്.