കൊറോണ; പരിശോധനകള്‍ക്കിടെ പരീക്ഷയെഴുതി എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍

കോഴിക്കോട്: കൊവിഡ്19 പകര്‍ച്ചവ്യാധിക്കെതിരെ മുന്‍കരുതല്‍ ശക്തമാവുക്കുന്നതിനിടെ സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിച്ചു. 13.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷയെഴുതുന്നത്. കൊവിഡ് 19 വൈറസ് ബാധയുടെ പ്രത്യേക ജാഗ്രതയിലാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നടന്നത്.

കോട്ടയത്തും പത്തനംതിട്ട പരിസരങ്ങളില്‍ ഏറെ സുരക്ഷയോടെയാണ് വിദ്യാര്‍്ത്ഥികള്‍ പരീക്ഷക്കെത്തിയത്. പലരും സുരക്ഷാ മാസ്‌കുകള്‍ ധരിച്ചാണ് പരീക്ഷാഹാളില്‍ എത്തിയത്. വൈറസ് ബാധയെക്കുറിച്ച് ആശങ്കയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം എല്ലാ സ്‌കൂളില്‍ ഒരുക്കിയിരുന്നു. വൈറസ് ബാധയുമായി ചികിത്സയിലോ, നിരീക്ഷണത്തിലോ ഉള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു വ്യക്താമാക്കിയിരുന്നു.

കൊവിഡ്19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയില്‍ കനത്ത ജാഗ്രതയിലാണ് പരീക്ഷ നടന്നത്. പരീക്ഷ നടക്കുന്ന സ്‌കൂളുകളില്‍ പ്രത്യേകം സജ്ജമാക്കിയ ഐസോലേഷന്‍ ക്ലാസുകള്‍ ഒരുക്കിയതിനാല്‍ ജില്ലയില്‍ കൊവിഡ്19 നിരീക്ഷണത്തിലുള്ള രണ്ട് കുട്ടികള്‍ പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സില്‍ പരീക്ഷ എഴുതി. 2,963 പരീക്ഷാ കേന്ദ്രങ്ങളിലായി 4,24,214 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2032 പരീക്ഷാ കേന്ദ്രങ്ങളിലായി 45,000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പരീക്ഷ എഴുതുന്നുണ്ട്. മാര്‍ച്ച് 26നാണ് എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്നത്. മാര്‍ച്ച് 27ന് വിഎച്ച്എസ്ഇ പരീക്ഷകള്‍ അവസാനിക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഒരേസമയം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

അതേസമയം, പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 5 പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരെ തിരിച്ചറിയാനായതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടം. ജനറല്‍ ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ നിലവില്‍ 12 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവിടെ നിരീക്ഷണത്തിലായിരുന്ന പ്രായം കൂടിയ 2 പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കു മാറ്റി. 4പേര്‍ കോഴഞ്ചേരി ജില്ലാ ആസ്പത്രിയിലും 2 പേര്‍ അടൂര്‍ ജനറല്‍ ആസ്പത്രിയിലും നീരീക്ഷണത്തിലുണ്ട്. ഇറ്റലിയില്‍ നിന്ന് എത്തിയ 3 പേരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിന് 6 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഇവരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയുന്നതോടെ രോഗപ്രതിരോധം എളുപ്പത്തിലാക്കാനാകുമെന്ന ആശ്വാസത്തിലാണ് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

SHARE