കൊല്ലം: മുട്ടറ സ്കൂളിലെ ഉത്തരക്കടലാസ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്കി പ്രശ്നത്തില്‍ നിന്ന് തടിയൂരാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. പ്രശ്നം നാളെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ചര്‍ച്ച ചെയ്യും. ഇതുവരെ ഉത്തരക്കടലാസ് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് മുഖം രക്ഷിക്കാന്‍ പുതിയ വഴി തേടുന്നത്. അതിനിടെ പൊതുവിദ്യാഭ്യസ വകുപ്പ് പൊലീസിനോടും തപാല്‍ വകുപ്പിനോടും റിപ്പോര്‍ട്ട് തേടി.
ഉത്തരക്കടലാസ് കാണാതായതിനെതിരെ എംഎസ്എഫ് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മുട്ടറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 61 വിദ്യാര്‍ഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തര കടലാസാണ് കാണാതായത്. പരീക്ഷാ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തരക്കടലാസ് ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. പൊലീസും തപാല്‍ വകുപ്പും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡിലാണ് ഇനി കുട്ടികളുടെ ഭാവി. മാര്‍ക്ക് നല്കി പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. മാനദണ്ഡം ബോര്‍ഡ് തീരുമാനിക്കും.