തുര്‍ക്കി കറന്‍സി മൂല്യം വന്‍ തകര്‍ച്ചയില്‍: അമേരിക്ക പിന്നില്‍ നിന്ന് കുത്തുന്നു -ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: അമേരിക്കയുമായുള്ള ബന്ധം വഷളായതിനെത്തുര്‍ന്ന് മൂല്യത്തകര്‍ച്ച നേരിടുന്ന കറന്‍സിയെ രക്ഷിക്കാന്‍ തുര്‍ക്കി ഊര്‍ജിത ശ്രമം തുടരുന്നു. അമേരിക്കന്‍ സുവിശേഷകനെ വിട്ടയക്കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരില്‍ യു.എസ് ഭരണകൂടം തുര്‍ക്കിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പദ്ഘടനയെ ഉത്തേജിപ്പിച്ച് ലിറയെ രക്ഷിക്കാനുള്ള സെന്‍ട്രല്‍ ബാങ്ക് നടപടികള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. നാറ്റോ സഖ്യരാജ്യമായ തുര്‍ക്കിയെ ഒറ്റപ്പെടുത്തുന്ന യു.എസ് നടപടിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

തുര്‍ക്കിയെ അമേരിക്ക പിന്നില്‍നിന്ന് കുത്താന്‍ ശ്രമിക്കുകയാണെന്ന് തലസ്ഥാനമായ അങ്കാറയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്ക ഒരുവശത്തുനിന്ന് നയതന്ത്ര പങ്കാളിയെപ്പോലെ പെരുമാറുന്നു. മറുവശത്തുനിന്ന് നയതന്ത്ര പങ്കാളിയുടെ കാലിന് വെടിവെക്കുകയാണ് യു.എസ് ചെയ്യുന്നത്. നാറ്റോയില്‍ ഞങ്ങള്‍ ഒന്നിച്ചാണ്. അതോടൊപ്പം ഞങ്ങളെ അവര്‍ പിന്നില്‍നിന്ന് കുത്തുകയും ചെയ്യുന്നു-ഉര്‍ദുഗാന്‍ തുറന്നടിച്ചു. നിലവിലുള്ള സാമ്പത്തികാവസ്ഥകളെക്കാള്‍ ഒരു ഗൂഢാലോചനയുടെ ഫലമായാണ് ലിറ തകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുള്ള ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങിയതോടെ കറന്‍സി മൂല്യത്തിലും തുര്‍ക്കി ഓഹരിവിപണിയും ഇടിഞ്ഞിരുന്നു. ലിറയുടെ മൂല്യത്തകര്‍ച്ചയെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് 346 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രണ്ടു വര്‍ഷമായി തടങ്കലില്‍ കഴിയുന്ന യു.എസ് പുരോഹിതന്‍ ആന്‍ഡ്ര്യൂ ബ്രന്‍സനെ വിട്ടയക്കണമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ആവശ്യം. നിരോധിത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായും ഗുലെനിസ്റ്റ് പ്രസ്ഥാനവുമായും ബന്ധം പുലര്‍ത്തുന്ന ഇയാളെ വിട്ടുതരില്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത്. പരാജയപ്പെട്ട പട്ടാള അട്ടിമറിയില്‍ മുഖ്യ പങ്കുള്ള ഫത്ഹുല്ല ഗുലെന്‍ ഇപ്പോള്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് താമസിക്കുന്നത്. ഗുലെനെ കൈമാറണമെന്ന തുര്‍ക്കിയുടെ ആവശ്യം യു.എസും നിരസിച്ചിരുന്നു. ഇതേ ചൊല്ലി അമേരിക്കയും തുര്‍ക്കിയും നേരത്തെ തന്നെ ഉരസലുണ്ട്. വടക്കന്‍ സിറിയയില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളുമായി യുദ്ധം ചെയ്യുന്ന കുര്‍ദിഷ് വിമതര്‍ക്ക് അമേരിക്ക പിന്തുണ നല്‍കുന്നതിലും തുര്‍ക്കി അധികാരികള്‍ ക്ഷുഭിതരാണ്. അമേരിക്കയുമായി പിണങ്ങുന്ന സാഹചര്യത്തില്‍ റഷ്യയുമായി അടുക്കാനുള്ള ശ്രമത്തിലാണ് തുര്‍ക്കി.

SHARE