മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെയുള്ള രാജ്യദ്രോഹക്കേസ് ഇന്ന് ഡല്‍ഹി കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദിനെതിരെയുള്ള രാജ്യദ്രോഹക്കേസ്് ഇന്ന് കോടതി പരിഗണിക്കും. സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് അഭിഭാഷകനായ ശശി ഭൂഷന്‍ കോടതിയില്‍ നല്‍കിയ പരാതിയാണ് ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുക.

സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഗുലാംനബി ആസാദിനെതിരേയും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിമായ സൈഫുദ്ദീന്‍ സോസിനെതിരേയുമാണ് രാജ്യദ്രോഹത്തിന് കേസെടുത്തത്. ഇന്ത്യന്‍ശിക്ഷാ നിയമം 124, 120 ബി, 505 (1) എന്നീ വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, സൈനികരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചതോടെ ഗവര്‍ണര്‍ ഭരണം നിലവില്‍വന്ന കശ്മീരില്‍ തീവ്രവാദികളെക്കാളേറെ സാധാരണക്കാരാണ് കൊല്ലപ്പെടുന്നതെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ഗുലാം നബി പറഞ്ഞിരുന്നു. കശ്മീരില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ അവര്‍ സ്വതന്ത്രരായിരിക്കാനാവും ആഗ്രഹിക്കുക എന്നായിരുന്നു സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സൈഫുദ്ദീന്‍ സോസിന്റെ പ്രസ്താവന. മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും മുമ്പ് ഇതേ പരാമര്‍ശം നടത്തിയിരുന്നു. സൈന്യം നിരപരാധികളെ വധിക്കുന്നതായി ചിത്രീകരിച്ചത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.

SHARE