പി.എ അബ്ദുല്‍ ഹയ്യ്
കരിപ്പൂര്‍: രാജ്യ നടുക്കിയ കരിപ്പൂര്‍ ദുരന്തത്തിന് പിന്നാലെ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ബോധപൂര്യമായ ശ്രമങ്ങളും സജീവം. എയര്‍ക്രാഫ്റ്റ് അക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ റണ്‍വെ തകരാറും ടേബില്‍ ടോപ്പുമാണ് അപകട കാരണമെന്ന രീതിയിലുമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഡി.ജി.സി.എ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഈ രണ്ടു ഘടകങ്ങളും അപകട കാരണമായി വരുന്നില്ല. ടേബിള്‍ടോപ്പ് അപകടത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് നേരത്തെ വ്യക്തമായതാണ്. പുതിയ ടെക്നോളജിയുടെ ബലത്തില്‍ കഴിഞ്ഞ വര്‍ഷം അറ്റകുറ്റപണി പൂര്‍ത്തിയാക്കിയ റണ്‍വേക്കും യാതൊരു തകരാറുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നത്. റണ്‍വെയെ കുറിച്ചുള്ള പരാതികളില്‍ കഴമ്പില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും തറപ്പിച്ചു പറയുന്നുണ്ട്. അപകടം സംഭവിച്ച വിമാനം ഇറങ്ങുന്നതിന് മുമ്പ് അതേ റണ്‍വെയിലേക്ക് മറ്റൊരു വിമാനം പറന്നിറങ്ങിയതായും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും പൈലറ്റിലേക്ക് പഴിചാരി രക്ഷപ്പെടാനും ചില ഭാഗങ്ങളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട് .
പ്രതികൂല കാലാവസ്ഥ, വിമാനത്തിന്റെ സാങ്കേതിക തകരാര്‍, പൈലറ്റിന്റെ അശ്രദ്ധ, ഇവയില്‍ ഏതെങ്കിലുമാവാം അപകട കാരണമെന്ന രീതിലേക്കാണ് മുഴുവന്‍ അന്വേഷണങ്ങളും ചെന്നെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്തിന്റെ സാങ്കേതിക കരാറുകള്‍ പരിശോധിക്കാന്‍ ഡി.ജി.സി.എക്ക് പുറമെ വിമാന നിര്‍മാണ കമ്പനിക്കും എയര്‍ഇന്ത്യ ചുമതല നല്‍കിയിട്ടുണ്ട്. പൈലറ്റിന് വീഴ്ചപറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എയര്‍ ട്രാഫിക് കണ്ട്രോളറും പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തില്‍ അപാകതയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൃത്യമായ രാജ്യാന്തര വ്യോമയാന നിബന്ധനകള്‍ പാലിച്ചു കൊണ്ടാണ് വിമാനങ്ങളുടെ ലാന്‍ഡിങ് നടക്കേണ്ടത്. കരിപ്പൂരില്‍ അതുണ്ടായില്ല എന്നതാണ് എയര്‍ ട്രാഫിക് കണ്ട്രോള് റൂം നല്കുന്ന വിവരം. ഇതാണ് യാഥാര്‍ഥ്യമെങ്കില്‍ പൈലറ്റിന്റെ അശ്രദ്ധയാണ് അപകടകാരണമെന്ന് അധികൃതര്‍ പറയുന്നത്.
വിമാനം 28 റണ്‍വെയിലേക്ക് ഇറക്കാനുള്ള അനുമതി നല്‍കിയിരുന്നു എന്നാണ് എ.ടി.സി നല്കുന്ന വിവരം. എന്നാല്‍ പൈലറ്റ് ഇറക്കിയില്ല. പ്രതികൂല കാലാവസ്ഥ കാരണമാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ 2000 മീറ്റര്‍ മുന്നോട്ട് കഴ്ചയുണ്ടായിരുന്നുവെന്ന് വ്യക്തമായി. രണ്ട് തവണ റണ്‍വെയില്‍ ഇറക്കാന്‍ ശ്രമം നടന്നു. പിന്നീട് 15 നോട്ടിക്കല്‍ മൈല്‍ കൂടി ചുറ്റിയ ശേഷം 10 റണ്‍വേ വഴിയാണ് മൂന്നാംഘട്ട ലാന്റിങ് നടന്നത്. 300 മുതല്‍ 900 മീറ്റര്‍ പരിധിക്കുള്ളില്‍ ഭൂമിയെ സ്പര്‍ശിക്കേണ്ട വിമാനം 1500 മീറ്റര്‍ കഴിഞ്ഞാണ് റണ്‍വേ സ്പര്‍ശിച്ചത്. ഉടന്‍ തന്നെ പിന്‍ചക്രങ്ങള്‍ ലാന്റിങ് സ്ട്രിപ്പില്‍ നിന്നും തെന്നിമാറി. ഇതിനിടയില്‍ വീണ്ടും ഉയര്‍ത്താന്‍ ശ്രമമുണ്ടായി. എന്നാല്‍ പൂര്‍ണമായും നിയന്ത്രണം നഷ്ടമായ വിമാനം പുറത്തേക്ക് വീണുവെന്നാണ് എ.ടി.സിയുടെ കണ്ടെത്തല്‍. ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സാങ്കേതിക തകരാറിലേക്കാണ്. അതേ സമയം വിമാനത്തിന്റെ ബ്ലാക് ബോക്സുകള്‍ ഡല്‍ഹിയിലെത്തിച്ചു. വിമാന ഡാറ്റാ റെക്കോര്‍ഡറും, കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും പരിശോധിക്കുന്നതിലൂടെ കൃത്യമായ അപകട കാരണം വ്യക്തമാകും. എന്നാല്‍ ഇതിന് ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
ഡി.ജി.സി.എ സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുമെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും താല്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയ ഇ കോഡ് വലിയ വിമാനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു.115 പേരില്‍ 14 പേരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേര് വെന്റിലേറ്ററില്‍ തുടരുകയാണ്. മരിച്ച ഓരാള്‍ക്ക് പുറമെയാണിത്. അതോടൊപ്പം പൊലീസിനും അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്. മലപ്പുറം അഡീഷണല്‍ എസ്.പി ജി സാബുവിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘം അപകടത്തെ കുറിച്ചന്വേഷിക്കും. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാറിന്റെ മൃതദേഹം സ്വദേശത്തെത്തിച്ചു. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംസ്കാരം . വിമാനത്താവളത്തില്‍ വെച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ദുബൈയില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് കുട്ടികളുള്‍പ്പെടെ 18 പേരാണ് മരിച്ചത്