‘ടോയ്‌ലെറ്റെന്ന് കരുതി വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു’; യുവാവ് പിടിയില്‍

പട്‌ന: ടോയ്‌ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പട്‌ന സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍. യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം.

ജി 8 149 എന്ന വിമാനത്തിന്റെ പിന്‍ ഭാഗത്തുള്ള വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന യുവാവിനെ മറ്റ് യാത്രക്കാരാണ് കണ്ടത്. യാത്രക്കാര്‍ ശബ്ദമുണ്ടാക്കിയതോടെ വിമാന ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു.

പട്‌നയിലെത്തിയതോടെ ഇയാളെ സി.ഐ.എസ്.എഫിന് കൈമാറി. ആദ്യമായി വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ സംഭവിച്ച അബദ്ധമായാണ് യുവാവ് സംഭവത്തെക്കുറിച്ച് പറയുന്നത്. സ്വകാര്യ ജാമ്യത്തില്‍ യുവാവിനെ വിട്ടയച്ചു. രാജസ്ഥാനിലെ അജ്മീറില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് യുവാവ്.

SHARE