പ്രകൃതി സംരക്ഷണം കടമയായി കാണണം: കുഞ്ഞാലിക്കുട്ടി

 
കോഴിക്കോട്: പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന് ഈ വേനല്‍ ദിനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പരിസ്ഥിതിയെ അലംഭാവത്തോടെ സമീപിച്ചതിന് ലഭിച്ച തിരിച്ചടിയാണിത്. മുന്‍കാലങ്ങളില്‍ വികസനത്തെ കുറിച്ച് വാചാലനായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ പച്ചപ്പിനേയും പ്രകൃതി സംരക്ഷണത്തേയും കുറിച്ചാണ് കൂടുതല്‍ പറയേണ്ടിവരുന്നതെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വനിതാലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച ‘പ്രണയപൂര്‍വ്വം ഭൂമിക്ക്’ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളമില്ലാത്ത പ്രയാസം നേരിടുമ്പോഴും മാലിന്യം നിക്ഷേപിച്ച് ഉള്ള ജലസ്രോതസുകള്‍ മലിനീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അനധികൃതമായി ക്വാറികള്‍ പ്രവര്‍ത്തിച്ച് പ്രകൃതിയെ ചൂഷണം ചെയ്യുകയും കുന്നിടിക്കല്‍ വ്യാപകമാകുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. കേരളം മരൂഭൂമിയാകുന്ന കാലം വിദൂരമല്ലെന്ന് തിരിച്ചറിയണം. പ്രകൃതിയുടെ മഹത്വം മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കേരളത്തിന്റെ പുഴകളും കായലുകളും കുളങ്ങളും പ്രകൃതി സമ്പത്തും നഷ്ടമായാല്‍ കേരളം തന്നെ ഇല്ലാതാകും. വനിതാലീഗ് നടപ്പിലാക്കിയ പരിപാടികളിലെ നൂതനആശയമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രകൃതി സംരക്ഷണ പ്രതിജ്ഞചൊല്ലികൊടുത്തു. പരിസ്ഥിതി സംരക്ഷണത്തെ ഇന്ന് എല്ലാവരും ഗൗരവത്തോടെ സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് പ്രഥമപരിഗണന നല്‍കി പ്രവര്‍ത്തിച്ചുവരുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. നഗരവീഥികളിലും മറ്റുസ്ഥലങ്ങളിലുമെല്ലാം വൃക്ഷതൈകള്‍ നട്ടതുകൊണ്ട് മാത്രം കാര്യമില്ലെന്നും തുടര്‍സംരക്ഷണവും ഏറ്റെടുക്കണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
വനിതാലീഗ് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അഡ്വ.കെ.പി മറിയുമ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല, വനിതാലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.പി കുല്‍സു, പി.സല്‍മ, ജയന്തി സംസാരിച്ചു. പ്രൊഫ.കെ ശ്രീധരന്‍ പരിസ്ഥിതി വിഷയത്തില്‍ പ്രഭാഷണം നടത്തി. വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ നൂര്‍ബിന റഷീദ് സ്വാഗതവും ട്രഷറര്‍ ഖദീജ കുറ്റൂര്‍ നന്ദിയും പറഞ്ഞു. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടിക്ക് വനിതാലീഗ് ഉപഹാരം അഡ്വ.കെ.പി മറിയുമ്മ സമ്മാനിച്ചു.

SHARE