പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ഒതുക്കാന്‍ തീവ്രശ്രമം; സര്‍ക്കാര്‍ അഭിഭാഷകനും രംഗത്ത്

തിരുവനന്തപുരം: പി.കെ. ശശി എം.എല്‍.എക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാനേതാവിന്റെ ലൈംഗിക പീഡന പരാതി ഒതുക്കാന്‍ സി.പി.എമ്മില്‍ തീവ്രശ്രമം തുടരുന്നു. പാര്‍ട്ടി നേതാക്കന്‍മാരും സര്‍ക്കാര്‍ അഭിഭാഷകനുമുള്‍പ്പെടെയുള്ളവര്‍ പണവുമായി യുവതിയുടെ സുഹൃത്തുക്കളെ സമീപിക്കുന്നുവെന്നാണ് വിവരം.

പാലക്കാട്ടെ ഒരു പബ്ലിക് പ്രോസിക്യൂട്ടറും സഹകരണ ബാങ്ക് ജീവനക്കാരനും പണവുമായി യുവതിയുടെ ബന്ധുക്കളെ ഇന്നലെ സമീപിച്ചിരിക്കുകയാണ്. രണ്ടരക്കോടി രൂപയാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇടനിലക്കാരുമായി ചര്‍ച്ച നടത്താന്‍ യുവതിയുടെ സുഹൃത്തുക്കള്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ പ്രാദേശികസംഘവും ഒത്തുതീര്‍പ്പിനായി ശ്രമം നടത്തിയിരുന്നു.

പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. യുവതി പൊലീസില്‍ പരാതി നല്‍കിയാല്‍ എം.എല്‍.എയുടെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാവുന്നതിന് കാരണവുമാകാം. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഏതു വിധേനയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനിടെ, സ്ത്രീകള്‍ക്കെതിരെയുള്ള കേസായതിനാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് വി.എസും പറഞ്ഞു. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വവും യുവതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.

നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന എം.എല്‍.എയുടെ വാദവും പാര്‍ട്ടി ഗൗരവമായി എടുത്തിട്ടുണ്ട്. പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമായാണ് പരാതി എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.