ജനാധിപത്യ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാരിന് അടിച്ചമര്‍ത്താന്‍ കഴിയില്ല; പി.കെ നവാസ്

മലപ്പുറം: ജനാധിപത്യ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന പിണറായി സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. സ്വര്‍ണ്ണ കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ രാജി ആവശ്യപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനേക്കാള്‍ ഗൗരവമേറിയ ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും അധികാരത്തില്‍ തൂങ്ങി നില്‍ക്കുന്നത് ധാര്‍മികതക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, ഭാരവാഹികളായ ടി.പി.നബീല്‍, നവാഫ് കള്ളിയത്ത്, ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍ എന്നിവര്‍ സംബന്ധിച്ചു.

SHARE