അവകാശ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത് പ്രതിഷേധാര്‍ഹമെന്ന് പി.കെ നവാസ്

കോഴിക്കോട്: സര്‍ക്കാരും പോലീസും യാതൊരു പ്രകോപനങ്ങളും ഉയരാതെയുള്ള വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് മേല്‍ നടത്തുന്ന ഗുണ്ടായിസം ജനാധിപത്യ വിരുദ്ധമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. എംഎസ്എഫ് സമരത്തിനുനേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട് നടന്ന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകളായി ജീവിക്കുകയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. അവര്‍ക്ക് വേണ്ടിയാണ് ഒരു മഹമാരിയുടെ മുന്നില്‍ ഈ അപകട സാഹചര്യത്തിലും എം.എസ്.എഫിന് സമര മുഖത്തേക്ക് ഇറങ്ങേണ്ടി വന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേരെ സര്‍ക്കാറും പൊലീസും നടത്തുന്ന ഈ അസഹിഷ്ണുത അന്യായമാണ്. പാര്‍ട്ടി ആപ്പീസിലെ ആജ്ഞാനുവര്‍ത്തികാളായി കേരള പോലീസ് മാറുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. താളം തെറ്റിയ വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ ഞങ്ങള്‍ നിശ്ശബ്ദരായല്‍ കേരളത്തില്‍ ഇനിയും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്നും നവാസ് ചോദിച്ചു.

പാഠപുസ്തക വിതരണം ചരിത്രത്തിലെ അതിന്റെ എറ്റവും വലിയ താളപ്പിഴവിലേക്കാണ് നീങ്ങുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ട്രയല്‍ റണ്‍ അവസാനിക്കുമ്പോള്‍ ഇപ്പോഴും ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ സംവിധാനത്തിന് പുറത്താണെന്നും ഇതിനെല്ലാം ആരാണ് ഉത്തരവാദിയെന്നും പി.കെ നവാസ് ചോദിച്ചു.

എം.എസ്.എഫ് സംസ്ഥാന ട്രഷര്‍ സി.കെ നജാഫ്, ഭാരവാഹികളായ ശറഫുദ്ധീന്‍ പിലാക്കല്‍, കെ.ടി റൗഫ്, അഷ്ഹര്‍ പെരുമുക്ക്, ബാസിത് കൊയിലാണ്ടി, സാബിത് മായനാട്, നൂറുദ്ധീന്‍ ചെറുവട്ട, എന്‍.കെ മുഹമ്മദ് ഇര്‍ഫാന്‍, സല്‍മാന്‍ ഫാരിസ്, സല്‍മാന്‍ മായനാട്, മുബഷിര്‍ എന്നിവര്‍ സംസാരിച്ചു.