സംവരണം ഒരു ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയല്ല

പികെ നവാസ്
(പ്രസിഡന്റ്, msf കേരള)

പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. അതൊരു ജനാധിപത്യ ബോധത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ആശയമാണ്. അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ആദ്യനാള്‍ മുതലേ പ്രഖ്യാപിച്ച അജണ്ടയാണ് ഇന്ത്യയില്‍ സാമ്പത്തികസംവരണം നടപ്പിലാക്കുക എന്നത്.

ജനാധിപത്യ ഭരണസംവിധാനത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെന്നത് പലപ്പോഴും ഏകാധിപത്യ ശൈലികളിലേക്ക് വഴിവെക്കുന്നതാണ്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ പോലും ജര്‍മനിയില്‍ അധികാരത്തിലേറിയത് ജനാധിപത്യ പ്രക്രിയകളിലൂടെയാണ്. ജനങ്ങളിലെ ഭൂരിപക്ഷമാണ് ജനാധിപത്യത്തില്‍ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നത്. ആ ഭൂരിപക്ഷത്തിന് മത,ജാതി,വര്‍ഗ്ഗ, വര്‍ണ്ണങ്ങളുടെ പക്ഷം വന്നാല്‍ ഫലത്തില്‍ അത് ആള്‍ക്കൂട്ട ഭരണമായി മാറും.

എത്രയോകാലങ്ങളായി ജനാധിപത്യരാജ്യങ്ങളിലെല്ലാം ഇങ്ങനെ സംഭവിച്ച ചരിത്രങ്ങളുണ്ട്. ദീര്‍ഘകാലം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാരമ്പര്യമുള്ള രാജ്യമായ യുണൈറ്റഡ് സ്‌റ്റേറ്റ് ഓഫ് അമേരിക്ക ഭരിച്ചത് വര്‍ണ്ണവെറിയുടെ രാഷ്ട്രീയമായിരുന്നു.

ലിങ്കണ്‍ മെമ്മോറിയലിനു മുന്നില്‍ മാര്‍ട്ടിന്‍ എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് Jr ന് ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന്പറയേണ്ടി വന്നത് ഈ മഹിതപാരമ്പര്യ രാഷ്ട്രത്തില്‍ നിന്നുകൊണ്ടായിരുന്നു. ഇന്ന് ഇന്ത്യ ഭരിക്കുന്നതും ഈ ആള്‍ക്കൂട്ട മനോഭാവമാണ് മതപരമായും ജാതീയതയുടെ പേരിലും സംസ്‌കാരത്തിന്റെ പേരിലും വിവേചനം നേരിടുന്ന ഒരുജനത ഈ ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെടും.

ഇതിനെ ദീര്‍ഘവീക്ഷണം ചെയത ധിഷണാശാലികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 46 ലൂടെ സംവരണം നടപ്പാക്കി എഴുതി ചേര്‍ത്ത വാചകമാണ് protect them from social injustice and all forms of exploitation . അല്ലാതെ നാല് പുത്തന്‍ ഇല്ലാത്തവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതിയല്ല ഈ രാജ്യം മുന്നോട്ട് വെച്ച സംവരണ തത്വമെന്നത്.ഭരണാസിരാ കേന്ദ്രങ്ങളിലായാലും, നിയമനിര്‍മ്മാണ സഭകളിലായാലും, ഉദ്യോഗസ്ഥ മേഖലകളിലായാലും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ഒരേയൊരു മാര്‍ഗ്ഗമാണ് ‘സംവരണം’ എന്ന ആശയം.

ഇത് പണത്തിന്റെ തുലാസില്‍ അളന്നു നല്‍കേണ്ട സംവിധാനമല്ല.
സവര്‍ണ്ണ ജാതിക്കാരന് സമ്പത്തില്ലാതായാല്‍ അവന്‍ സാമൂഹിക അനീതി നേരിടുന്നവനാണെന്ന് പറയാന്‍ കഴിയില്ല.അവര്‍ക്ക് ലോട്ടറിയടിച്ചാലോ ബിസ്സിനസ് ചെയ്ത ലാഭമുണ്ടായാലോ, വരുമാനമുണ്ടായാലോ അവന്റെ പ്രശ്‌നങ്ങള്‍ തീരുന്നു.എന്നാല്‍ ഒരു കീഴ്ജാതിക്കാരനോ,ഒരു ന്യൂനപക്ഷക്കാരനോ പണമുണ്ടാക്കിയതുകൊണ്ടു മാത്രം അവന്‍ രക്ഷപ്പെടുന്നില്ല.

അവന്‍ക്കുമേല്‍ അനീതിയുടെ ചരിത്രമുണ്ട് . പണമെത്രയുണ്ടങ്കിലും ആള്‍ക്കൂട്ട നീതി മുന്നോട്ടു വയ്ക്കുന്ന അപകടകരമായ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് അവര്‍ മുക്തരാകുകയുമില്ല. അതെ സമയം ദാരിദ്ര്യം മുന്നോക്ക വിഭാഗക്കാര്‍ക്ക് ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒരുക്കുന്നുമില്ല.

ദരിദ്രനായ ഒരു സവര്‍ണ്ണന്‍ താന്‍ സവര്‍ണ്ണനായതിന്റെ പേരില്‍ കൊല്ലപ്പെടുന്നില്ല.
മുതലാളിയായാല്‍ പോലും ദളിതനായതിന്റെ പേരിലോ, മുസ്‌ലിമായതിന്റെ പേരിലോ ഇന്നും ഇന്ത്യയില്‍ അനേകായിരങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്, പീഢിപ്പിക്കപ്പെടുന്നുണ്ട്, ദേശവിരുദ്ധനാക്കപ്പെടുന്നുണ്ട്. അവന്റെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ അവര്‍ക്ക് ഇന്ത്യന്‍ ഭണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്.

സാമ്പത്തികസംവരണം കേരളത്തില്‍ നടപ്പിലാക്കാന്‍ പിണറായി വിജയന് മോദിയേക്കാള്‍ വേഗതയാണ്. താന്‍ ഒരു ന്യൂനപക്ഷക്കാരനാണെന്ന ആനുകൂല്യം ഈ സവര്‍ണ്ണ താല്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ലഭിക്കുമെന്ന ധാരണ അങ്ങേക്ക് ലവലേശം പോലുംവേണ്ട. ഈ ലോകം നിലനില്‍ക്കുന്ന കാലത്തോളം ഒരുസമൂഹം താങ്കളെ വഞ്ചനയുടെ മുഖമായി മനസ്സില്‍ പ്രതിഷ്ഠിക്കും.
ഈ അനീതിക്കുമുന്നില്‍ ഞങ്ങളുടെ മുഷ്ടി താഴില്ല..
ഈ സാമൂഹിക വഞ്ചനക്കുമുന്നില്‍ ഞങ്ങളുടെ ശബ്ദം നിലക്കുകയുമില്ല …

SHARE