കണ്ണൂര്‍: വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന ഘട്ടത്തില്‍ അടിയുറച്ച് കൂടെ നിന്ന വിശ്വസ്തനെ സി.പി.എം അന്ത്യയാത്രയിലും കൈവിട്ടില്ല. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് സി.പി.എം ഒരുക്കിയത് രക്തസാക്ഷികള്‍ക്ക് സമാനമായ അവസാന യാത്ര. പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച നേതാവിന് അന്തിമോപചാമര്‍പ്പിക്കാന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി പേരാണ് പാനൂരില്‍ ഒത്തുകൂടിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സില്‍ ഭാര്യ ശാന്ത, മകള്‍ ശബ്‌ന, മറ്റു ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം ബിനീഷ് കോടിയേരിയുമുണ്ടായിരുന്നു. കുഞ്ഞനന്തന്‍ പാര്‍ട്ടിക്ക് എത്രമാത്രം വേണ്ടപ്പെട്ടവനാണ് എന്നതിന്റെ തെളിവായിരുന്നു ബിനീഷിന്റെ സാന്നിദ്ധ്യം.
തുടര്‍ച്ചയായ രണ്ടാം ദിവസവും കുഞ്ഞനന്തനെ വാഴ്ത്തി സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി. ‘സൗഹൃദങ്ങള്‍ക്ക് അതിര്‍വരമ്പ് നിശ്ചയിക്കാത്ത മനുഷ്യസ്‌നേഹിയായ പോരാളി’ എന്നാണ് അനുശോചന യോഗത്തില്‍ കുഞ്ഞനന്തനെ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അനുസ്മരിച്ചത്.
‘യു.ഡി.എഫ് സര്‍ക്കാറിന്റെയും പൊലീസിന്റെയും ചില മാദ്ധ്യമങ്ങളുടെയും വേട്ടയാടലിന്റെ ഇരയായിരുന്നു പി.കെ കുഞ്ഞനന്തന്‍. എല്ലാ പ്രത്യാക്രമണങ്ങളെയും സധൈര്യം നേരിടുകയും കടുത്ത എതിരാളികളോട് പോലും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വമായിരുന്നു’ – വീട്ടുമുറ്റത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ ജയരാജന്‍ പറഞ്ഞു.
ഭരണകൂട ഭീകരതയുടെ രക്തസാക്ഷി എന്നാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുഞ്ഞനന്തനെ വിശേഷിപ്പിച്ചിരുന്നത്.
‘സഖാവിന് ഒരു ബന്ധവുമില്ലാത്ത കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് എട്ടുവര്‍ഷമായി ജലില്‍ കഴിയേണ്ടി വന്നത്. ജയില്‍ ജീവിതം അദ്ദേഹത്തെ കഠിന രോഗിയാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ ചികിത്സയ്ക്കുള്ള സഹായം പോലും നിഷേധിച്ചു’ – പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പില്‍ കോടിയേരി എഴുതി.
‘പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തന്‍. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂര്‍ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു’- എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചിരുന്നത്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 2014 ജനുവരിയിലാണ് വിചാരണക്കോടതി കുഞ്ഞനന്തനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2012 മെയ് നാലിനാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസില്‍ 13-ാം പ്രതിയാണ് കുഞ്ഞനന്തന്‍.