സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ കേരളത്തില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൊലീസ്- സംഘ് പരിവാര്‍ കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് സംഘടിപ്പിച്ച സംരക്ഷണ പോരാട്ടം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതപ്രബോധനത്തിനും സംവാദങ്ങള്‍ക്കും രാജ്യത്ത് എല്ലാവര്‍ക്കും തുല്യ സ്വതന്ത്ര്യമുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണതെന്ന വസ്തുത ആരും വിസ്മരിക്കരുത്. രാജ്യത്ത് വിനാശകരമായ സംഭവ വികാസങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന ആര്‍ക്കും ഇതിനെതിരെ മൗനംപാലിക്കാനാവില്ല. ദലിത് ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും പുരോഗമന രാഷ്ട്രീയചിന്താഗതിക്കാരും ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളോടുള്ള സന്ധിയില്ലാ സമരത്തില്‍ മുസ്്‌ലിംലീഗും യു.ഡി.എഫും മുന്‍പന്തിയിലുണ്ട്. ജാതിവാളെടുക്കുന്നവര്‍ കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. തുറന്നുവിട്ട ദൂര്‍ഭൂതം പോലെ ഉത്തരേന്ത്യയില്‍ അത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ദിവസമുണ്ടായ കലാപത്തില്‍ നിരപരാധികള്‍ മരിച്ചുവീഴുമ്പോള്‍ നിയമ വ്യവസ്ഥ സമ്പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കിടയിലും രാജ്യം നേരുടുന്ന പ്രശ്‌നമായി മുത്തലാക്കിനെ ഉയര്‍ത്തിക്കാട്ടാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. കോടതി വിധി മറയാക്കി ശരീഅത്തില്‍ ഇടപെടാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നീക്കം നടത്തുകയാണ്. ഇത് വളരെ വേഗം സാധിക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 29 ന് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി മലപ്പുറത്ത് യോഗം ചേരും. ഇന്ത്യയുടെ മതേതര സ്വഭാവം നശിപ്പിക്കുന്നവര്‍ക്കെതിരെയുള്ള നിയമപോരാട്ടം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, അഡ്വ. എം. ഉമര്‍, സി. മമ്മൂട്ടി, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹീം എന്നിവരും കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, സലീം കുരുവമ്പലം, അഷ്‌റഫ് കോക്കൂര്‍, മുഹമ്മദുണ്ണി ഹാജി, എം.എ ഖാദര്‍, പി.വി മുഹമ്മദ് അരീക്കോട്, വണ്ടൂര്‍ ഹൈദരലി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഹബീബ് ജഹാന്‍, ഡോ. സി.എം സാബിര്‍ നവാസ് പങ്കെടുത്തു.