പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടല്‍; ഇംഗ്ലണ്ടില്‍ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ നാടണഞ്ഞു

കോഴിക്കോട്: കോവിഡ് കാരണം കരയണയാന്‍ കഴിയാതെ കടലില്‍ കുടുങ്ങിയ ആഡംബര കപ്പലിലെ അറുന്നൂറിലധികം ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. ലണ്ടനിലെ ഇന്ത്യന്‍ എംബസിയുടെ അനുമതി ലഭിക്കാന്‍ വൈകിയതോടെ ഇവരുടെ മടക്കം അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര സര്‍ക്കാറുമായും ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായും ഷിപ്പിങ് കമ്പുനിയുമായും നിരന്തരം ബന്ധപ്പെട്ടാണ് മടക്ക യാത്ര എളുപ്പമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. 47 മലയാളികള്‍ ഉള്‍പ്പെടെ 600 ഇന്ത്യന്‍ തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഷിപ്പിങ് കമ്പനിയുടെ തന്നെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇവരെ മുംബൈയിലും ഗോവയിലും എത്തിക്കുകയായിരുന്നു.

മറെല്ല ക്രൂയിസ് കമ്പനിയുടെ വിനോദസഞ്ചാരികളുമായി പുറപ്പെട്ട 5 കപ്പലുകളിലെ തൊഴിലാളികള്‍ ഏപ്രിലില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഇംഗ്ലണ്ടിലെ സതാംപ്ടന്‍ തീരത്തു കുടുങ്ങിയത്. യാത്ര നിര്‍ത്തേണ്ടിവന്നതോടെ കപ്പല്‍ കമ്പനി അധികൃതര്‍ അവരുടെ വിമാനങ്ങളില്‍ ജീവക്കാരെ നാട്ടിലെത്തിക്കാന്‍ തയാറായിരുന്നെങ്കിലും ഇന്ത്യയില്‍ ഇറങ്ങുന്നതിനുള്ള അനുമതി വൈകുകയായിരുന്നു. യാത്ര മൂന്നു തവണ മുടങ്ങിയതോടെ കപ്പലില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച ഇവരുടെ ചിത്രം ശ്രദ്ധയില്‍പെട്ടപ്പോഴാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇടപെടല്‍ നടത്തിയത്. മുംബൈയില്‍ എട്ടു ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം 23ന് കൊച്ചിയിലേക്ക് മടങ്ങും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട് സ്വദേശികളാണ് കപ്പലിലെ മലയാളി തൊഴിലാളികള്‍.

SHARE