പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ നല്‍കും

മലപ്പുറം: പി.പി.ഇ കിറ്റുകളുടെ ക്ഷാമം മൂലം ടെസ്റ്റുകള്‍ വൈകുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍ മേഖലയില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

മണ്ഡലത്തിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും രോഗം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കുന്നതിന് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷ കിറ്റുകളുടെ കുറവ് മൂലമാണ് പരിശോധന വൈകുന്നത് എന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ മറുപടി. ഈ ദുരവസ്ഥയെ മറികടക്കാനാണ് അടിയന്തിരമായി ഇടപെട്ട് കിറ്റുകള്‍ ലഭ്യമാക്കിയത്. 2000 കിറ്റുകള്‍ ഇന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറും.

കോവിഡ് പ്രാരംഭഘട്ടത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ആശുപത്രികള്‍ക്ക് ഒരു കോടി രൂപ എം പി ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു അതിന് പുറമെയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ മാതൃകാ ഇടപടെലുണ്ടായത്. സൗജന്യമായി ജില്ലാ ആരോഗ്യവകുപ്പിന് കൈമാറുന്ന 2000 കിറ്റുകള്‍ വഴി ഒരു പരിധിവരെ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാര്‍ എം.പി ഫണ്ട് ഉള്‍പ്പെടെ വെട്ടികുറച്ച സാഹചര്യത്തിലും പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ എം.പി നടത്തിയ ഇടപെടലിന് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിലിയ പ്രശംസയാണ് ലഭിക്കുന്നത്.

SHARE