ഇടതുപക്ഷത്തിന്റെ നിസ്സാഹായാവസ്ഥയാണ് സഭയില്‍ കണ്ടത് ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഭരണഘടനയുടെ പവിത്രതക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ ഭരണഘടനയേയും മതേതരത്വത്തേയും ബഹുമാനിക്കുന്ന പ്രതിപക്ഷം ചെയ്യേണ്ടതേ യുഡിഎഫ് ചെയ്തിട്ടുള്ളുവെന്നും ജനങ്ങളുടെ പ്രതിഷേധമാണ് യുഡിഎഫ് സഭയില്‍ ഉയര്‍ത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. ഇടതുപക്ഷത്തിന് അത് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം നിസ്സാഹായവസ്ഥയാണ് കാണിക്കുന്നത്. ജനാധിപത്യ രീതിയിലാണ് യുഡിഎഫ് ഗവര്‍ണ്ണറെ തടഞ്ഞത്. യുഡിഎഫിന്റെ ജനാധിപത്യ ബോധമാണ് സമര രീതിയില്‍ കാണാനായത്. ഗവര്‍ണ്ണര്‍ എല്ലാ പരിധികളും ലംഘിച്ചാണ് മുന്നോട്ടുപോകുന്നത്.

ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഏറ്റുവാങ്ങാന്‍ ഗവര്‍ണ്ണര്‍ യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപനം വിയോജിപ്പോടെ വായിച്ചത് പുതിയൊരു പ്രശ്‌നം ഉണ്ടാക്കിയിരിക്കുകയാണ്. നയം പ്രഖ്യാപനം പ്രിന്റ് ചെയ്താല്‍ ഗവര്‍ണ്ണര്‍ മുഴുവന്‍ വായിച്ചാലും വായിച്ചില്ലെങ്കിലും സര്‍ക്കാര്‍ നയമാണ്. ഈ ഭാഗം എനിക്ക് വിയോജിപ്പുണ്ട്. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് വായിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ആസാധാരണമാണ്. പുതിയ നിയമ പ്രശ്‌നങ്ങള്‍ പലതും ഉണ്ടാക്കും. ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പറയുന്നത് നടത്തികൊടുക്കുന്ന തലവനാണ്. പദവിയുടെ ഗൗരവം കുറക്കുന്ന രീതിയിലാണ് ഗവര്‍ണ്ണര്‍ നിരന്തരം പെരുമാറികൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോള്‍ നിയമസഭയിലും ആവര്‍ത്തിച്ചതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയെ വെല്ലുവില്‍ച്ചാല്‍ ആരായാലും നടപടിയെടുക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കുമെന്നും പൗരത്വ ഭേദഗതി നിയമത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്രം തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നല്ല രീതിയില്‍ നടത്തികൊണ്ടുപോകാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാകും യോഗം വിളിച്ചിട്ടുണ്ടാവുക. എങ്ങനെ അത് സാധ്യമാകും. ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജനവികാരത്തിനനുസൃതമായി സര്‍ക്കാര്‍ നിലപാട് എടുക്കണം.

മതപരമായ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കാന്‍ മുതിര്‍ന്നത് ശരിയായില്ല എന്ന് തിരുത്തണം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അനുകൂലിച്ചവര്‍ വരെ വരുന്ന പാര്‍ലമെന്റില്‍ എതിര്‍ത്തു സംസാരിക്കും. പൗരത്വ ഭേദഗതി നിയമത്തിന് മറ്റൊരു ഭേദഗതി കൊണ്ടുവന്ന് മതാടിസ്ഥാനത്തില്‍ എന്നുള്ളത് ഒഴിവാക്കണം. ഇതിന് തയ്യാറായാല്‍ പാര്‍ലമെന്റ് നല്ല നിലയില്‍ മുന്നോട്ടുപോകും. പാര്‍ലമെന്റില്‍ വളരെ ഗൗരവമുള്ള മറ്റുപല വിഷയങ്ങളും ചര്‍ച്ച ചെയ്യാനുണ്ട്. പട്ടിണിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന രാജ്യമാകുകയാണ് ഇന്ത്യ. വളര്‍ച്ച നിരത്ത് കുത്തനെ താഴുന്നു. ഇതൊക്കെ ചര്‍ച്ച ചെയ്യണമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടായ അങ്കലാപ്പ് മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യം യോഗത്തില്‍ ശക്തമായി ആവശ്യപ്പെടും.

ലോകസഭയും രാജ്യസഭയും സംയുക്തമായിട്ടാണ് ഇന്നത്തെ യോഗം. മതേതരത്വത്തിന് അത്രമാത്രം വേരുള്ള രാജ്യത്ത് അവരെ ചവിട്ടിമെതിച്ചു പോവാന്‍ കഴിയുമെന്ന് വിചാരിക്കരുത്. അങ്ങനെയെങ്കില്‍ ഒരു പ്രശ്‌നവും രാജ്യത്ത് പരിഹരിക്കാന്‍ സര്‍ക്കാറിനാവില്ല. എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിലേ ഭരണം മുന്നോട്ടുപോകാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കുന്നത്. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.