കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി

മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ.കെ. ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രണ്ട് കോളങ്ങള്‍ പൂരിപ്പിക്കാതെ ഒഴിച്ചിട്ടതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഹര്‍ജി പരിശോധിച്ച കോടതി ഒമ്പത് ന്യൂനതകള്‍ പരാതിയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഹര്‍ജിയോടൊപ്പം ഹാജരാക്കിയ പ്രധാന രേഖയായ സത്യവാങ്മൂലത്തിന്റെ ആധികാരിക കോപ്പി ഹാജരാക്കാതെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ഹാജരാക്കിയത്. സത്യവാങ്മൂലത്തിന്റെ അസല്‍ രേഖ തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ കാതലായ ഭാഗമാണെന്നും അസല്‍ ഹാജരാക്കാതിരുന്നത് പരിഹരിക്കാന്‍ പറ്റാത്ത ന്യൂനതയാണെന്നും കോടതി വിലയിരുത്തി.
കൂടാതെ ഹാജരാക്കിയ രേഖകള്‍ പോലും നിയമം അനുശാസിക്കുന്ന രീതിയില്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി. സത്യവാങ്മൂലത്തില്‍ പൂരിപ്പിക്കാതെ വിട്ടുപോയ കോളങ്ങള്‍ ഗൗരവതരമല്ലെന്നും കോടതി കണ്ടെത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍, അഡ്വ. കെ.ഐ. അബ്ദുല്‍ റഷീദ് എന്നിവര്‍ ഹാജരായി.
തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിക്കുന്ന ഹര്‍ജികളില്‍ ഹര്‍ജിയോടൊപ്പം സുപ്രധാന രേഖകളുടെ ആധികാരിക കോപ്പി ഹാജരാക്കാതിരുന്നത് മുലായം സിംഗ് യാദവ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകരായ എസ്. ശ്രീകുമാറും കെ.ഐ. അബ്ദുല്‍ റഷീദും കോടതിയില്‍ ബോധിപ്പിച്ചു. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് കേസ് പരിഗണിച്ചത്.

SHARE