മലപ്പുറം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അത്യാവശ്യഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന അവസ്ഥ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സ്വന്തം പൗരര്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പരിമിതികളില്ലെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കേരളം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കേന്ദ്രം ഒരു നമ്പര്‍ നിശ്ചയിച്ച്, ആ നമ്പറില്‍ ഒരു ശതമാനമേ കേരളത്തിലേക്ക് കൊണ്ടുവരികയുള്ളൂ എന്ന് പറഞ്ഞാല്‍ ഇത് എവിടെയെത്തും. കേരളത്തിലെ ഒരു വലിയ സമൂഹമാണ് പുറത്തുള്ളത്. അവര്‍ക്ക് ചികിത്സാ സൗകര്യങ്ങളില്ല. ഭക്ഷണത്തിന് വഴിയില്ല. ജോലിയില്ല. അവര്‍ ലേബര്‍ ക്യാമ്പില്‍ കഴിയുന്നു. ഇത് മാനുഷിക പ്രശ്നമല്ലേ? മുന്‍ഗണന നിശ്ചയിക്കാം. എന്നാല്‍ വിസ കഴിഞ്ഞവര്‍ എന്നു മാത്രം പറയാനാകുമോ? ഗര്‍ഭിണികള്‍, രോഗികള്‍ എന്നിങ്ങനെ എത്ര മുന്‍ഗണന കൊടുക്കേണ്ട ജനവിഭാഗങ്ങളുണ്ട്. കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ സമയബന്ധിതമായി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനം എടുക്കണം. ഇതു കൊണ്ട് അവര്‍ക്ക് എന്തു നഷ്ടമാണ്?’ – അദ്ദേഹം ചോദിച്ചു.
കേരള സര്‍ക്കാര്‍ അത് കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തണം. കേരള സര്‍ക്കാറിന്റെ നയവും ശരിയല്ല. കേരള സര്‍ക്കാറിന് ഈ വിഷയത്തില്‍ ഒരു മെല്ലെപ്പോക്കുണ്ട്. അതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എല്ലാ സന്നദ്ധ സംഘടനകളും സൗകര്യങ്ങള്‍ വിട്ടുകൊടുക്കാം എന്നു പറഞ്ഞിട്ടും കേരള സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. കേരളത്തിലെ പൗരന്മാര് അവിടെ തന്നെ കിടന്നോട്ടെ എന്ന നയം ശരിയല്ല. അതു പോലെ തന്നെ അയല്‍ സംസ്ഥാനത്തു വരുന്നവര്‍ക്കും കേരള സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നില്ല. അതിര്‍ത്തിയിലെത്തുന്നവര്‍ക്ക് വാഹന സൗകര്യം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.