വയനാട്ടില്‍ പാമ്പു കടിയേറ്റ വിഷയത്തില്‍ ലോക്‌സഭയില്‍ ഇടപെട്ട് പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഷെഹല ഷെറിന്‍ ക്ലാസ്മുറിയില്‍വെച്ച് പാമ്പു കടിയേറ്റ പശ്ചാതലത്തില്‍ കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭയിലാണ് ഇതു സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പാമ്പു കടിച്ചു മരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും പാമ്പു കടിയേറ്റതിനുള്ള ചികിത്സാ രീതികള്‍ കാലത്തിനനുസരിച്ച് വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക് കുറിപ്പ്:

വയനാട്ടിലെ ഷെഹല ഷെറിന്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ചത് നമ്മളെയെല്ലാം ഏറെ വേദനിപ്പിച്ച ഒരു സംഭവമാണല്ലോ. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പാമ്പ് കടിയേറ്റ് മരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. രാജ്യത്ത് പാമ്പ് കടിയേറ്റ് മാത്രം പ്രതിവര്‍ഷം 46,000 പേര്‍ മരിക്കുകയും 1,40,000 പേര്‍ വികലാംഗരാക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. എല്ലാ ഉഷ്ണമേഖലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് നമ്മുടെ സ്വന്തം സംസ്ഥാനമായ കേരളത്തിലെ പൊതുജന സുരക്ഷ പ്രശ്‌നങ്ങളിലൊന്നാണ് പാമ്പുകളില്‍ നിന്നുള്ള ആക്രമണം. ഒരു നൂറ്റാണ്ടിലേറെയായി വിഷചികിത്സക്കുള്ള ആന്റിവെനത്തിന്‍മേലുള്ള നിര്‍മ്മാണ പ്രോട്ടോക്കോള്‍ മാറ്റമില്ലാതെ നില്‍ക്കുന്നത് ആശ്ചര്യകരമാണ്. മാരകമായ വിഷമുള്ള പലതരം പാമ്പുകളുടെ ആവാസ കേന്ദ്രമാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് എല്ലാ പാമ്പുകളില്‍ നിന്നുമുള്ള വിഷ ചികിത്സക്കായി നാല് ഇനങ്ങളുടെ വിഷത്തെ ചെറുക്കാനുള്ള ആന്റിവെനം മാത്രമാണ് ഉപയോഗിക്കുന്നത്.
ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ലഭ്യമായ ആന്റിവെനമുകള്‍ വിഷവസ്തുക്കളുടെ ഫലങ്ങളെ മറികടക്കാന്‍ അത്ര മാത്രം കാര്യക്ഷമമല്ല എന്നാണ്. പാമ്പുകടിയേറ്റതിനുള്ള ചികിത്സാരീതികള്‍ കാലത്തിനനുസരിച്ച് വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്, അതുവഴി ആളുകള്‍ക്ക് ശരിയായ ചികിത്സ നല്‍കുകയും അവരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യേണ്ടതുമുണ്ട്.
ഈ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.

SHARE