ബി.ജെ.പിയൈ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി: കുഞ്ഞാലിക്കുട്ടി

 

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തില്‍ ഒരു മൂന്നാംശക്തിയെന്ന വാദമുന്നയിക്കാന്‍ ഇനി ബി.ജെ.പിക്ക് കഴിയില്ലെന്നും കേന്ദ്രത്തില്‍ അവരുടെ അഴിമതി കഥകള്‍ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി ഭരണം അഴിമതി മുക്തമെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. രണ്ടുമൂന്ന് വര്‍ഷത്തെ ഭരണത്തിന്റെ അഴിമതി ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതിന്റെ ആദ്യസൂചനയാണ് കേരളത്തിലുണ്ടായത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായി കേരളത്തില്‍ ബി.ജെ.പി വളരുമെന്ന് സ്വപ്‌നം കണ്ടവര്‍ നിരാശരാകുകയാണ്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെപോലെ പെട്ടെന്നു വന്നുപോകുന്ന ഒരു ഒഴുക്കാണ് ബി.ജെ.പിയിലുണ്ടായത്. അവര്‍ക്ക് തിരിച്ചടി കിട്ടിത്തുടങ്ങിയിട്ടുണ്ട്.
രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം കഷ്ടത്തിലാണ്. കേന്ദ്രസര്‍ക്കാരിനെതിരെ മുസ്‌ലിംലീഗ് നടത്തിവരുന്ന പ്രതിഷേധം ശക്തമാക്കും. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇതിനകം മുസ്‌ലിം ലീഗ് വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തിക്കഴിഞ്ഞു. പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെയും സമീപനങ്ങളെയും എതിര്‍ക്കും.
നോട്ട് നിരോധനത്തിന് ശേഷമുണ്ടായ വീഴ്ച മറയ്ക്കാന്‍ ബീഫ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി വിഭാഗീയത വളര്‍ത്തുകയാണ്. പശുവിന്റെ പേരിലുണ്ടാക്കുന്ന വിഭാഗീയതയും അക്രമവും വിശപ്പിന് മുന്നില്‍ തകര്‍ന്നുപോകുമെന്ന് അവര്‍ തിരിച്ചറിയണം. കര്‍ഷകന് പശുവിനെ വളര്‍ത്താനോ കൃഷി ചെയ്യാനോ കഴിയുന്നില്ല. വിശക്കുമ്പോള്‍ മനുഷ്യന്‍ പ്രതികരിക്കും. രാജ്യത്തെ കര്‍ഷകര്‍ ഇത്രത്തോളം ദുരിതമനുഭവിച്ച ഒരു സാഹചര്യം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുകയാണ്.
അതേസമയം ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തിപ്പെട്ടുവരികയാണ്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധി വിളിക്കുന്ന യോഗങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. യോഗങ്ങള്‍ ഫലപ്രദമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉണ്ടായ കണ്‍ഫ്യൂഷന്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല. ദേശീയതലത്തില്‍ ശക്തമായ ഐക്യത്തിനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

SHARE