ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗദി അറേബ്യയില്‍ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസികള്‍ക്ക് വേണ്ട ക്വാറന്റൈന്‍ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നില്‍ക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീഴുന്നത് മലയാളികള്‍ ആണെന്ന കാര്യം സംസ്ഥാനം മറക്കരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗള്‍ഫില്‍ കോവിഡ് ബാധിച്ച മരിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ പരിതാപകരമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ അനുശോചനം കൊണ്ട് അത്തരം കുടുംബങ്ങളുടെ വയര്‍ നിറയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പ്രവാസികളുടെ ക്വാറന്റീന് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ചോദ്യം ചെയ്ത് കെഎംസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ക്വാറന്റൈന് പണം ഈടാക്കാന്‍ ഉത്തരവിറങ്ങിയാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.