രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍വേണ്ടത് ബി.ജെ.പി മുക്ത ഭാരതം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.യുഡിഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അന്തസ് നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിന് ചൂട്ടുപിടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. രാജ്യം തന്നെ നശിപ്പിക്കാനുള്ള ബിജെപി ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. ഇതിലേക്കുള്ള പ്രയാണത്തിലാണ് നമ്മളിപ്പോള്‍. മതേതരത്വവും വികസനവും നടപ്പിലാകാന്‍ ഇതു കൂടിയേതീരൂ. കോണ്‍ഗ്രസ് മുക്ത ഭാരതമല്ല വേണ്ടതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. എല്ലാ മതവിശ്വാസികള്‍ക്കും സ്വന്തം മതത്തില്‍ വിശ്വസിച്ച് ജീവിക്കാനുള്ള അവകാശം രാജ്യത്ത് വേണം. യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയുടെ സാമ്പത്തികം അടക്കമുള്ള മേഖലകള്‍ വലിയ വളര്‍ച്ചയാണ് പ്രകടിപ്പിച്ചത്. മന്‍മോഹന്‍സിങ്ങിന്റെ കാലഘട്ടത്തില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ശക്തിയാകാനുള്ള തയാറെടുപ്പിലായിരുന്നു ഇന്ത്യ. യുപിഎ സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ തിരിച്ചെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചരിത്രത്തെ അവഗണിക്കുന്ന സര്‍ക്കാറാണ് കേന്ദ്രത്തില്‍. നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അഭിമാനം കൊള്ളുന്ന തലമുറയാണ് വളര്‍ന്നു വരേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എംഎല്‍എമാരായ കെ.എന്‍.എ. ഖാദര്‍, എ.പി. അനില്‍കുമാര്‍, പി. ഉബൈദുള്ള, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, ഇ. മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.