രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയനെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയനെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എന്‍.സി.പി നേതാവായ ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിക്കുകയായിരുന്നു അദ്ദേഹം.

നേരില്‍ കാണുമ്പോള്‍ രാഷ്ട്രീയ എതിരാളികളോടുപോലും ചിരിപടര്‍ത്തുന്ന നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍. രാഷ്ട്രീയത്തില്‍ വിരസമായ വേദികളില്‍ പോലും ജീവന്‍വെപ്പിക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് കേരളരാഷ്ട്രീയത്തിന് നഷ്ടമാണ്. ഇതില്‍ ദു:ഖമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആസ്പത്രിയിലായിരുന്നു ഉഴവൂര്‍ വിജയന്റെ അന്ത്യം. ഉച്ചക്ക് 12 മണിമുതല്‍ കോട്ടയം തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചക്ക് 12മണിക്ക് കോട്ടയത്തെ വസതിയിലാണ് സംസ്‌കാരം.