ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെയാണ് ശരിയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെയാണ് ശരിയെന്നും ഭരണ കക്ഷി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇക്കാര്യത്തിലാണ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിക്കേണ്ടത്. ഈ വിഷയം വളരെ ഗൗരവമുള്ളതാണ്. ജനാധിപത്യ സംരക്ഷണത്തിന് ഉറച്ച നിലപാട് എടുക്കേണ്ട ഘട്ടമാണ്. അതില്‍ വീഴ്ച്ചവന്നാല്‍ വിമര്‍ശിക്കപ്പെടും. നിയമസഭക്കും ജനാധിപത്യത്തിനും കക്ഷികള്‍ക്കും ഒരു പ്രധാന്യവും കൊടുക്കാതെ വിവാദങ്ങളുണ്ടാക്കാന്‍ മാത്രം ഗവര്‍ണര്‍ ഇറങ്ങിപുറപ്പെട്ടാല്‍ തിരിച്ചുവിളിക്കണം എന്നു പറയുകയല്ലാതെ എന്തു ചെയ്യണം. ആലോചിച്ച് തന്നെയാണ് ഇക്കാര്യത്തില്‍ യുഡിഎഫ് നിലപാട് സ്വീകരിച്ചതെന്നും മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അടുത്തഘട്ട പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വേണ്ടി സംഘടനകള്‍ ഒറ്റക്കും കൂട്ടമായും യോഗം ചേരുന്നുണ്ട്. ചര്‍ച്ച നടക്കുന്നുണ്ട്. 30ന് ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രി ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിലും മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ നിലപാട് വ്യക്കമാക്കും. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരെ കൂടുതല്‍ സംസ്ഥാന സര്‍ക്കാറുകള്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാറിന് ഈ നിയമം നടപ്പിലാക്കാന്‍ സാധിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. ബിജെപിയുടെ കൂടെയുളള കക്ഷികളില്‍ പലരും ഇതിനോട് നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ശരിയല്ല പിന്‍വലിക്കണമെന്ന ആവശ്യത്തിന് ശക്തി കൂടിവരികയാണ്. ഇക്കാര്യങ്ങളെല്ലാം കോടതികള്‍ ശ്രദ്ധിക്കാതിരിക്കില്ല. പാര്‍ലമെന്റില്‍ നടക്കാന്‍ പോകുന്ന ചര്‍ക്കളൊക്കെ പ്രധാനമാണ്. ഭയപ്പെടുത്തി എല്ലാവരേയും വരുതിക്ക് വരുത്താമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് വിലപോകില്ല എന്നതിന് തെളിവാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇതിനെതിരായി രംഗത്തുവന്നത്. ബിജെപി വര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. ഇന്ത്യ എതിര്‍ത്തുതോല്‍പ്പിക്കുന്നു. പ്രകോപനപരമായ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അത് ബിജെപിയെ സഹായിക്കലാകും. പ്രകോപനം ഒഴിവാക്കി മതേതര വിശ്വാസികള്‍ ഒരുമിച്ചുകൂടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മഹാറാലിയിലും പല ആശയത്തില്‍പെട്ടവരും പങ്കെടുത്തിരുന്നുവെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പലരും അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ടെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.