കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ അനുവദിച്ച് പി.കെ കുഞ്ഞാലികുട്ടി എംപി

മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസ്പത്രികളില്‍ വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എം.പി ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിച്ചതായി പി കെ കുഞ്ഞാലികുട്ടി എം.പി അറിയിച്ചു.
ലോകത്തെ വിറപ്പിക്കുന്ന ഈ വൈറസിനെതിരായി നമ്മള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും നാം ഓരോരുത്തരുമാണ് ഇന്നത്തെ പടയാളികളെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒറ്റയ്ക്ക് പ്രതിരോധത്തിന്റെ മഹാസൗധം തീര്‍ക്കാമെന്നും ആരോഗ്യ പൂര്‍ണ്ണമായുള്ള നമ്മുടെ ഇന്നലെകളെ നമുക്കത്തരത്തിലൂടെ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തില്‍ ഇതേവരെ 106 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം 14പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 106 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബായില്‍നിന്നും ഒരാള്‍ ഖത്തറില്‍നിന്നുമാണ് വന്നത്. യു.കെയില്‍നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്.
ആകെ നിരീക്ഷണത്തിലുള്ളത് 72460 പേരാണ്. 71994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രിയില്‍ലും നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 3331 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

SHARE