ബാബ്‌രി മസ്ജിദും ശബരിമലയും ജനങ്ങളെ ഭിന്നിപ്പിക്കാനുപയോഗിക്കരുത്: കുഞ്ഞാലിക്കുട്ടി

കൊച്ചി: ബാബ്‌രി മസ്ജിദ് പ്രശ്‌നം ദേശീയ തലത്തില്‍ ബി.ജെ.പിയും ശബരിമല പ്രശ്‌നമുയര്‍ത്തി കേരളത്തില്‍ സി.പി.എമ്മും വര്‍ഗീയ ജാതീയവുമായി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചാല്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത് തിരിച്ചറിയുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബാബ്‌രി മസ്ജിദ് ഭൂമി തര്‍ക്കം സുപ്രീം കോടതിയില്‍ ഇപ്പോള്‍ കൊണ്ടു വന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. എന്നാല്‍ സുപ്രീം കോടതി ഈ കേസ് നീട്ടിവച്ചു. തെരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം എങ്ങിനെ ഉയര്‍ത്തികൊണ്ടു വരാമെന്ന് ബി.ജെ.പി ഇനിയും ശ്രമം തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം ബി.ടി.എച്ച് ഓഡിറ്റോറിയതതില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ടി.എം ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കേരളത്തിലും ദേശീയ തലത്തിലും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണുള്ളത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണിപ്പോഴത്തേത്. ജാതിമത വര്‍ഗങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയില്‍ കുരങ്ങ് അപ്പം തട്ടികൊണ്ട് പോകും പോലെയുള്ള കുടില തന്ത്രമാണിരു ഗവണ്‍മെന്റുകളുടേതുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

യു.പി.എയുടെ ഭരണ കാലത്ത് സാമ്പത്തിക രംഗത്ത് മുന്നേറുന്നത് ഇന്ത്യയോ ചൈനയോ എന്ന് ലോകം ഉറ്റുനോക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം നിരാശാജനകമാണ്. കൃഷി, ചെറുകിട വ്യവസായം, സാമ്പത്തിക രംഗം ഉള്‍പ്പെടെ സമസ്ത മേഖലയും തളര്‍ന്നു. രാജ്യത്തിന്റെ വികസനത്തെയും ജനങ്ങളുടെ നന്മയെയും കുറിച്ച് യാതൊരവകാശവാദവുമില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സാധാരണക്കാരുടെ താല്‍പര്യ സംരഷണത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനുമായി ചെയ്ത കാര്യങ്ങള്‍ നിരവധിയാണ്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ രണ്ടര വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല. ഓഖി പ്രളയ ദുരന്തങ്ങള്‍ എങ്ങിനെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.

ശബരിമല വിഷയത്തില്ഡ വിശ്വാസികളുടെ പക്ഷത്താണ് യു.ഡി.എഫ്. വിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് വഷളാക്കരുത്. ഇതുപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിന് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണ്. ഭരണപരാജയം മറച്ചുവെക്കാന്‍ ജനങ്ങളില്‍ ആശയക്കുഴപ്പവും വര്‍ഗീയ ധ്രുവീകരണവുമുണ്ടാക്കുകയാണ് സര്‍ക്കാരുകളുടെ ലക്ഷ്യം. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാം. റിവ്യൂപെറ്റീഷന്‍ സുപ്രീം കോടതിയില്‍ നല്‍കാം. ചെറുവിരല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനക്കുന്നില്ല. സാക്ഷര കേരളം ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.

കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബി.ജെ.പിയും വെള്ളം കലക്കി അതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ സി.പി.എമ്മും ശ്രമിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയും വിവേകവും ശക്തിയും നിലവാരവും മനസിലാക്കാതെയാണ് ബി.ജെ.പിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും നിലപാട് എടുക്കുന്നത്.യു.ഡി.എഫ് സമാധാന മാര്‍ഗത്തില്‍ വിശ്വാസികളോടൊപ്പം നില്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

കേരള കോണ്‍ഗ്രസ് (ജെ) പ്രസിഡന്റ് ജോണി നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് സ്വാഗതം പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ, ഡോ. കെ.എസ് രാധാകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് പ്രസംഗിച്ചു.