നാളെ പ്രത്യേകസമ്മേളനം; പ്രതിഷേധം ഫലം കണ്ടു തുടങ്ങിയെന്ന് കുഞ്ഞാലിക്കുട്ടി

സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പ്രതിഷേധത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയിട്ടുണ്ട്. മുമ്പുപറഞ്ഞ ഭാഷയിലല്ലല്ലോ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പ്രതിഷേധം നടന്നു . അതിന്റെ ഗുണം ഉണ്ടായി. തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും യോഗം ചുമതലപ്പെടുത്തി. ബില്ലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ സര്‍ക്കാര്‍ കക്ഷിചേരണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. ഇക്കാര്യം പരിഗണിക്കാമെന്ന് മറുപടിയാണ് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കും. ഇതോടൊപ്പം പട്ടികജാതി-പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം ഒഴിവാക്കിയതിനെതിരേയും നിയമസഭ പ്രമേയം പാസാക്കും.
ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. സര്‍വകക്ഷി യോഗത്തിനുശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.